ഒറ്റ് ബോയ്സ് ഡിക്യൂ ബോയിയെ കണ്ടപ്പോള്‍; ദുല്‍ഖറിനും അരവിന്ദ് സ്വാമിക്കും ഒപ്പമുള്ള ചിത്രവുമായി കുഞ്ചാക്കോ ബോബന്‍

ദുല്‍ഖറിനും അരവിന്ദ് സ്വാമിക്കും ഒപ്പമുള്ള കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രമാണ് ശ്രദ്ധനേടുന്നത്. മലയാളത്തിലെ യുവ താരങ്ങളെല്ലാം പരസ്‌പരം വളരെ അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ്. ഇവരുടെ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

ആര്‍. ബല്‍കി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. സിനിമയുടെ സെറ്റില്‍ എത്തിയാണ് കുഞ്ചാക്കോ ബോബന്‍ ദുല്‍ഖറിനെ കണ്ടത്. ദുല്‍ഖറും അരവിന്ദ് സ്വാമിയും ഒപ്പമുള്ളപ്പോള്‍ വീട്ടിലായിരിക്കുന്ന അനുഭവമാണെന്നും കുഞ്ചാക്കോ ബോബന്‍ കുറിച്ചിട്ടുണ്ട്.

കുഞ്ചാക്കോ ബോബനാണ് ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രം ആരാധകരുമായി പങ്കുവച്ചത്. “‘ഒറ്റ് ബോയ്സ് ഡിക്യൂ ബോയിയെ കണ്ടപ്പോള്‍’ എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രം പങ്കുവച്ചിരിക്കുന്നത്. ബോളിവുഡ് സംവിധായകന്‍ ആര്‍. ബല്‍ക്കിയും ഇവരോടൊപ്പം ഫൊട്ടോയിലുണ്ട്.

ഫെലിനി സംവിധാനം ചെയ്യുന്ന ‘ഒറ്റ്’ ആണ് കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രം. അരവിന്ദ് സ്വാമിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഈശ റബ്ബയാണ് ചിത്രത്തിലെ നായിക. നടന്‍ ആര്യ, ഷാജി നടേശന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളം തമിഴ് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. ഒറ്റിന്റെ ചിത്രീകരണവും മുംബൈയില്‍ പുരോഗമിക്കുകയാണ്.