അനിയത്തി പ്രാവ് ഞാൻ വേണ്ടെന്നുവച്ച സിനിമയായിരുന്നു: വെളിപ്പെടുത്തലുമായി കുഞ്ചാക്കോ ബോബൻ

ഫാസിൽ സംവിധാനം ചെയ്ത ‘അനിയത്തിപ്രാവ്’ എന്ന സിനിമയിലൂടെയാണ് മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബൻ വെള്ളിത്തിരയിൽ ആധിപത്യം ഉറപ്പിക്കുന്നത്. വർഷങ്ങൾക്കിപ്പുറവും മലയാളികൾ ഏറെ സ്നേഹത്തോടെ ചേർത്ത് പിടിക്കുന്ന സിനിമ. എന്നാൽ അന്ന് ‘അനിയത്തിപ്രാവ്’ എന്ന സിനിമയിൽ ചാക്കോച്ചന് അഭിനയിക്കാനേ താത്പര്യമുണ്ടായിരുന്നില്ല എന്നാണ് താരമിപ്പോൾ വെളിപ്പെടുത്തുന്നത്.

‘അനിയത്തി പ്രാവ് ഞാൻ വേണ്ടെന്നുവച്ച സിനിമയാണ്. അച്ഛന്റേയും കൂട്ടുകാരുടേയും നിർബന്ധത്തിന് വഴങ്ങിയാണ് സ്ക്രീൻ ടെസ്റ്റിന് പോകുന്നത്. എന്നാൽ ഇത് എനിക്ക് പറ്റിയ പണിയല്ലെന്ന് തോന്നി വീണ്ടും പിന്മാറിയിരുന്നു. പക്ഷേ പാച്ചിക്ക (ഫാസിൽ) ഞാൻ തന്നെ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. അന്ന് പക്ഷേ, ഇതൊരു ഹിറ്റ് സിനിമയാകുമെന്ന് കരുതിയിരുന്നില്ല. കോളജിൽ പോകുന്ന ലാഘവത്തോടെയാണ് സിനിമാ സെറ്റിൽ പോയിരുന്നത്. ഇത് ശ്രദ്ധിക്കപ്പെടുമെന്നോ, വർഷങ്ങൾക്കിപ്പുറവും ഓർത്ത് വയ്ക്കുമെന്നോ വിചാരിച്ചില്ല’- കുഞ്ചാക്കോ ബോബൻ പറഞ്ഞു.

നാൽപ്പത് വർഷമായി നടനെന്ന രീതിയിൽ കുഞ്ചാക്കോ ബോബൻ വെള്ളിത്തിരയിലുണ്ട്. 1981 ൽ ബാലനടനായാണ് തുടക്കം. ശ്രീവിദ്യയുടെ മടിയിൽ പാട്ട് കേട്ടിരിക്കുന്ന കൊച്ചുകുട്ടിയായാണ് ആദ്യ വേഷം. മുൻപ് ചോക്ലേറ്റ് നടനായിരുന്ന തന്നെ ഇപ്പോൾ തേടിവരുന്നത് ത്രില്ലർ സിനിമകളാണെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. അത് സത്യത്തിൽ തന്നെ അതിശയിപ്പിക്കുന്നുവെന്നും താരം പറഞ്ഞു. സിനിമയിൽ നിന്ന ചാക്കോച്ചനെ എല്ലാവരും ഇഷ്ടപ്പെടുന്നു എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് വലിയൊരു ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് ഒരു തിരിച്ചുവരവ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.