കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു. മുബൈയില്‍ സ്ഥിരതാമസമാക്കിയ കരുനാഗപ്പള്ളി സ്വദേശി ഡെന്നി കരുണാകരന്‍റെ സംസ്കാരവും ഇന്ന് നടന്നു.

കോട്ടയം ഇത്തിത്താനം സ്വദേശി ശ്രീഹരിയുടെ സംസ്കാരം ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടുവളപ്പില്‍ നടന്നു. തുരുത്തി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് രാവിലെ എഴരയോടെയാണ് വീട്ടിലെത്തിച്ചത്. നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നിരവധി ആളുകളാണ് അവസാനമായി ശ്രീഹരിയെ കാണാൻ വീട്ടിലേക്ക് എത്തിയത്.

കോട്ടയം പായിപ്പാട് സ്വദേശി ഷിബു വർഗീസിന്‍റെ സംസ്കാരം ഉച്ചയ്ക്കുശേഷം പായിപ്പാട് സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ നടന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ നിന്ന് രാവിലെ എട്ട് മണിക്കാണ് വീട്ടിലെത്തിച്ചത്. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് വീട്ടിലിലെ സംസ്കാര ശുശ്രൂഷകള്‍ ആരംഭിച്ചത്. നിരവധി പേരാണ് അന്തിമോപാചരമര്‍പ്പിക്കാൻ എത്തിയത്.

കുവൈത്ത് ദുരന്തത്തിൽ മരിച്ച തിരുവല്ല മേപ്രാൽ സ്വദേശി തോമസ് സി. ഉമ്മന്‍റെ സംസ്കാര ചടങ്ങുകൾ സെന്‍റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ നടന്നു. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി വീണ ജോർജ് പുഷ്പചക്രം സമർപ്പിച്ചു.

മുംബൈ മലയാളി ഡെന്നി ബേബി കരുണാകരന്‍റെ സംസ്കാരം മുബൈയിലാണ് നടന്നത്. മുംബൈ മലാട് വെസ്റ്റ് ചാർക്കോപ്പ് പള്ളിയിൽ ഒരു മണിക്കൂറോളം പൊതു ദർശനത്തിനു വെച്ചു. മുംബൈയിലെ മലയാളികൾ അവിടെയെത്തി അന്ത്യോപചാരം അർപ്പിച്ചു. തുടർന്ന് പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം ചാർക്കോപ്പ് ക്രിസ്ത്യൻ സിമിത്തേരിയിൽ സംസ്കാരം നടന്നു.