കുവൈത്ത് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 24 ആയി

കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 24 ആയി. നോർക്ക സിഇഒയാണ് ഇക്കാര്യം സ്ഥിതീകരിച്ചത്. ഏഴ് മലയാളികൾ ഗുരുതരാവസ്ഥയിൽ ആശുപത്രികളിലാണെന്നും നോർക്ക സിഇഒ അജിത് കോളശേരി വ്യക്തമാക്കി. മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ രണ്ടു ദിവസമെങ്കിലും എടുക്കുമെന്നും അദേഹം അറിയിച്ചു.

ഇന്നലെയുണ്ടായ ദുരന്തത്തിൽ 49 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അവരിൽ 40 ഇന്ത്യക്കാരാണെന്നാണ് റിപ്പോർട്ട്. ഇവരിൽ 14 മലയാളികളെ തിരിച്ചറിഞ്ഞു. മലപ്പുറം തിരൂർ കൂട്ടായി സ്വദേശി കോതപ്പറമ്പ് കുപ്പന്റെ പുരയ്ക്കൽ നൂഹ് (40), മലപ്പുറം പുലാമന്തോൾ തിരുത്ത് സ്വദേശി എം.പി.ബാഹുലേയൻ (36), ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ പ്രദീപ് -ദീപ ദമ്പതികളുടെ മകൻ ശ്രീഹരി പ്രദീപ് (27) എന്നിവരുടെ മരണമാണ് പുതുതായി സ്ഥിരീകരിച്ചത്.

അപകടത്തിൽ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതം നൽകാനും ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യുസഫലി അറിയിച്ചു. രണ്ട് ലക്ഷം രൂപ വീതം സഹായം നൽകുമെന്ന് ലീല ഗ്രൂപ്പ് ചെയർമാൻ രവിപിള്ളയും സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

നോർക്ക മുഖേനയാണ് ഈ സഹായം ലഭ്യമാക്കുക. കുവൈത്ത് ദുരന്തത്തിൽ മന്ത്രി സഭ അനുശോചനം രേഖപ്പെടുത്തി. തീപിടിത്തത്തിൽ 14 മലയാളികളാണ് മരിച്ചത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.