കുവൈറ്റ് ദുരന്തം, വ്യോമസേനാ വിമാനം പുറപ്പെട്ടു, മൃതദേഹങ്ങള്‍ നാളെ രാവിലെ കൊച്ചിയിലെത്തിക്കും

ഡൽഹി: കു​വൈ​റ്റി​ലെ​ കമ്പനി ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാളെ രാവിലെ കൊച്ചിയിലെത്തിക്കും. ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനായി വ്യോമസേനയുടെ വിമാനം കുവൈത്തിലേക്ക് പുറപ്പെട്ടു.

ഡൽഹിയിൽ നിന്നാണ് വ്യോമസേനയുടെ സി 130 ജെ വിമാനം ഇന്ന് വൈകിട്ടോടെ കുവൈത്തിലേക്ക് പുറപ്പെട്ടത്. കുവൈത്തില്‍ നിന്നും നടപടികള്‍ പൂര്‍ത്തിയാക്കി തിരിച്ചറിഞ്ഞ ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം ഇന്ത്യയിലേക്ക് തിരിക്കും.

ഇന്ന് രാത്രി 10.30നാണ് കുവൈത്തിലേക്കുള്ള വിമാനം.നാളെ രാവിലെ 8.30ഓടെ വ്യോമസേന വിമാനം കൊച്ചി വിമാനത്താവളത്തിലെത്തുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. 45 ഇന്ത്യക്കാരാണ് മരിച്ചതെന്നാണ് ഇതുവരെയുള്ള ഔദ്യോഗിക സ്ഥിരീകരണം.

45 പേരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. തിരിച്ചറിഞ്ഞ 23 മലയാളികളുടെ മൃതദേഹങ്ങള്‍ കൊച്ചിയിലായിരിക്കും എത്തിക്കുകയെന്നാണ് വിവരം. 23 പേര്‍ക്ക് പുറമെ തിരിച്ചറിയാത്തവരില്‍ രണ്ട് മലയാളികള്‍ കൂടിയുണ്ടെന്ന് അനൗദ്യോഗിക വിവരമുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, കുവൈത്തിലേക്ക് പുറപ്പെട്ട വ്യോമസേനയുടെ വിമാനത്തിലാണോ അതോ കുവൈത്ത് എയര്‍വേയ്സിന്‍റെ ചാര്‍ട്ടേഡ് വിമാനത്തിലാണോ മൃതദേഹങ്ങള്‍ കൊച്ചിയിലെത്തിക്കുകയെന്ന വിവരം ഇതുവരെ നോര്‍ക്ക അധികൃതര്‍ക്ക് ലഭിച്ചിട്ടില്ല.

കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് പ്രത്യേക ആംബുലന്‍സുകളില്‍ വീടുകളിലെത്തിക്കാനുള്ള നടപടിയും നോര്‍ക്ക സ്വീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാത്രിയോടെ കൊച്ചിയിലേക്ക് പുറപ്പെട്ടു.

രാജ്യറാണി എക്സ്പ്രസിലാണ് മുഖ്യമന്ത്രി കൊച്ചിയിലേക്ക് പോകുന്നത്. അതേസമയം, ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്‍റെ കുവൈത്തിലേക്കുള്ള യാത്രയില്‍ അനിശ്ചിതത്വം തുടരുകയാണ്. യാത്രക്ക് കേന്ദ്രസർക്കാരിന്‍റെ അനുമതി കിട്ടാത്തതാണ് പ്രശ്നം. അനുമതി കിട്ടാത്തതിനാൽ മന്ത്രി കൊച്ചി വിമാനത്താവളത്തിൽ തുടരുകയാണ്.