ജനങ്ങൾക്കും പ്രധാനമന്ത്രിക്കും നന്ദി, ഭാരത രത്‌ന ലഭിച്ചതിൽ അദ്വാനി

ന്യൂഡൽഹി : ഇന്ത്യയുടെ പരമോന്നത സിവിലിയൻ പുരസ്കാരമായ ഭാരതരത്ന നൽകി ആദരിച്ചതിൽ ജനങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി അറിയിച്ച് മുൻ ഉപപ്രധാനമന്ത്രി ലാൽകൃഷ്ണ അദ്വാനി. പിതാവിന് ഭാരതരത്ന ലഭിച്ചതിൽ സന്തോഷം പങ്കുവച്ച് അദ്ദേഹത്തിന്റെ മക്കളും രംഗത്തുവന്നു. അദ്ദേഹം വളരെ സന്തോഷവാനാണെന്നും രാജ്യത്തെ ജനങ്ങളോടും പ്രധാനമന്ത്രിയോടും അദ്ദേഹം നന്ദി പറയുന്നതായി അറിയിച്ചതായും കുടുംബം പറഞ്ഞു.

രാജ്യത്തിനായി ജീവിതകാലം മുഴുവൻ ഉഴിഞ്ഞുവച്ച വ്യക്തിത്വമാണ് അദ്ദേഹം. ഈ സന്തോഷ നിമിഷത്തിൽ, ഈ ആദരത്തിന് രാജ്യത്തെ ജനങ്ങളോടും പ്രധാനമന്ത്രിയോടും നന്ദി പറയുന്നതായി അദ്ദേഹം അറിയിച്ചു. അദ്വാനിയുടെ മകൾ പ്രതിഭ മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അദ്വാനിക്ക് ഭാരത് രത്‌ന സമ്മാനിക്കുന്ന വിവരം എക്‌സിലൂടെ പുറത്തുവിട്ടത്.

ഭാരത് രത്‌ന രാജ്യം നൽകുന്ന വിവരം അദ്വാനിയെ പ്രധാനമന്ത്രി നേരിട്ടെത്തി അറിയിക്കുകയായിരുന്നു. 96-ാം വയസിലാണ് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതി മുൻ ഉപപ്രധാനമന്ത്രിയെ തേടിയെത്തിയിരിക്കുന്നത്.