കിടപ്പറയിൽ ലൈംഗിക ബന്ധം നിഷേധിച്ചു, 24-കാരൻ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു, ഞെട്ടൽ

ഹൈദരാബാദ്: താനുമായി ലൈംഗിക ബന്ധം നിഷേധിച്ച ഭാര്യയെ 24-കാരനായ യുവാവ് ശ്വാസം മുട്ടിച്ച് കൊന്നു. 24-കാരനായ ജാതാവത് തരുണാണ് ഭാര്യ ജാൻസിയെ (20) കൊലപ്പെടുത്തിയത്. തെലങ്കാനയിലെ നാഗർകുർനൂൽ ജില്ലയിൽ മെയ് 20നായിരുന്നു സംഭവം. യുവതിയെ കൊല്ലാനുള്ള കാരണമാണ് ഏവരെയും ഞെട്ടിച്ചത്.

2021-ലാണ് ജാൻസിയെ തരുൺ വിവാഹം ചെയ്തത്. ഇയാൾ ഓട്ടോറിക്ഷാ ഡ്രൈവറാണ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. കല്യാണം കഴിഞ്ഞതിന് ശേഷം ഇരുവരും ഹൈദരാബാദിലേക്ക് മാറി താമസിച്ചു. ഇവർക്ക് രണ്ട് വയസുള്ള മകനുണ്ട്. കഴിഞ്ഞ മെയ് 20ന് രാത്രി കിടപ്പറയിലേക്ക് വന്ന ജാൻസിയോട് ഭർത്താവ് അടുത്തിടപഴകാൻ ശ്രമിച്ചെങ്കിലും യുവതി ഒഴിഞ്ഞു മാറി.

വളരെയധികം ക്ഷീണിതയാണെന്നായിരുന്നു ഭാര്യ മറുപടി നൽകിയത്. എന്നാൽ ഇതുകേട്ട് പ്രകോപിതനായ ഭർത്താവ് ജാൻസിയെ ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്താനാണ് ശ്രമിച്ചത്. ഇതോടെ രംഗം വഷളായി. യുവതിയുടെ ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ യുവാവ് വായ കൈകൊണ്ട് അടച്ചുപിടിച്ചു. എന്നാൽ ഒരേസമയം മൂക്കും വായും പൊത്തിപ്പിടിച്ചതിനാൽ ജാൻസിക്ക് ശ്വാസം മുട്ടുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

ഭാര്യയുടെ ശരീരത്തിന് അനക്കമില്ലാതാവുകയും വായിൽ നിന്ന് നുരയും പതയും വരാൻ തുടങ്ങുകയും ചെയ്തപ്പോൾ പരിഭ്രാന്തനായ ഭർത്താവ് ബന്ധുക്കളെ വിവരം അറിയിച്ചു. സമീപത്തുള്ള ഒവൈസി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടി മരണമെന്ന് തെളിഞ്ഞതോടെ തരുണിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.