ലക്ഷദ്വീപിൽ എന്തും ചെയ്യാമെന്നു പ്രഫുൽ പട്ടേൽ വിചാരിക്കേണ്ട; സാദിഖലി ശിഹാബ് തങ്ങൾ

ലക്ഷദ്വീപിൽ എന്തും ചെയ്യാമെന്നു പ്രഫുൽ പട്ടേൽ വിചാരിക്കേണ്ടെന്നു സാദിഖലി ശിഹാബ് തങ്ങൾ. ലക്ഷദ്വീപ് സമൂഹം സമരത്തിലാണ്. അവിടെ എന്തും ചെയ്യാമെന്നാണ് പ്രഫുൽ പട്ടേൽ വിചാരിക്കുന്നത്. എന്നാൽ അത് അനുവദിക്കാനാകില്ലെന്നു സാദിഖലി തങ്ങൾ പറഞ്ഞു.

ലക്ഷദ്വീപിലെ ജനങ്ങൾക്കെതിരെ ഭരണകൂടം കുപ്രചാരണങ്ങൾ അഴിച്ചുവിടുകയാണ്. ദ്വീപിൽ താമസിക്കുന്നവര്‍ ആരും വികസനത്തിന് എതിരല്ല. വെറും രാഷ്ട്രീയ പശ്ചാത്തലം മാത്രമുള്ള ആളാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ. നിയമനം തന്നെ ക്രമവിരുദ്ധമാണെന്നും സാദിഖലി ശിഹാബ് തങ്ങൾ ആരോപിച്ചു.

അതേസമയം ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്റർ ഭരണ പരിഷ്‌കാരങ്ങളിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികളുടെ 12 മണിക്കൂർ നിരാഹാര സമരം തുടരുകയാണ്. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആഹ്വാന പ്രകാരം നടക്കുന്ന നിരാഹാര സമരത്തിൽ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ മാറ്റണമെന്നും പുതിയ നിയമങ്ങൾ പിൻവലിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. ദ്വീപിലെ ബിജെപി പ്രവർത്തകർ ഉൾപ്പെടെ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള കടകൾ പൂർണമായും അടച്ചിടും.