ഭൂമിയെച്ചൊല്ലി തർക്കം: സ്ത്രീകൾക്ക് നേരെ വെടിയുതിർത്ത് ഭൂവുടമ, വെടിയേറ്റു

പട്ന: ഭൂമിയെച്ചൊല്ലിയുണ്ടായ തർക്കത്തിൽ അഞ്ച് സ്ത്രീകൾക്ക് വെടിയേറ്റു. ബിഹാറിലെ ബേട്ടിയ ജില്ലയിലാണ് സംഭവം. വെടിയേറ്റ സ്ത്രീകളെ അത്യാസന്നനിലയിൽ തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിലെ നക്തി പട്വാര ഗ്രാമത്തിലാണ് സ്ത്രീകൾ ഭൂമിയെച്ചൊല്ലി പ്രതിഷേധവുമായി എത്തിയത്. 1985ൽ ഭൂരഹിതരായ തൊഴിലാളികൾക്കുള്ള സഹായത്തിന്റെ ഭാഗമായി തങ്ങൾക്ക് ലഭിച്ച ഭൂമിയാണ് ഇതെന്നായിരുന്നു ഇവരുടെ വാദം.

എന്നാൽ കുടിയിറക്കപ്പെട്ടവർ ഇതിനെതിരേ രംഗത്തെത്തിയപ്പോൾ കേസ് കോടതിയിലേക്ക് നീണ്ടു. തുടർന്ന് 2004 മുതൽ സ്ഥലത്തെ നടപടികൾ മരവിപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം രാവിലെ സ്ഥലത്തിന്റെ മുൻ ഉടമസ്ഥൻ ശിശിർ ദുബെ ട്രാക്ടറുമായെത്തി ബലമായി നിലം ഉഴുതുമറിക്കാൻ ആരംഭിച്ചു. ഇതിനെതിരേ സ്ത്രീകൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇയാൾ കൈയിൽ കരുതിയിരുന്ന തോക്കെടുത്ത് സ്ത്രീകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇയാളെ പോലീസ് പിടികൂടിയിട്ടുണ്ട്.

അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ പക്കൽ നിന്ന് തോക്കും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫൊറൻസിക് പരിശോധനയ്ക്ക് ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.