വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ കുഴിച്ചിട്ടനിലയിൽ വയറുകളും ബോംബുനിർമാണസാമഗ്രികളും കണ്ടെത്തിയത്. മഴയിൽ മണ്ണിടിഞ്ഞു മാറിയതോടെയാണ് കുഴിബോംബുകളും പുറത്തായത്.

മണ്ണുനീങ്ങിയതിനാൽ വയറുകൾ പുറത്തുവന്നതാണ് സംഭവം ശ്രദ്ധയിൽപ്പെടാൻ കാരണം. ചൊവ്വാഴ്ച വൈകീട്ടോടെ മൂന്നംഗ വനപാലകരാണ് ഇതുകണ്ടത്. അവിടവിടെ കുഴികളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കൂടുതൽ ബോബുകളുണ്ടെന്ന നിഗമനത്തിൽ കണ്ണൂരിൽനിന്നുള്ള ബോംബ് സ്ക്വാഡിനായി രാത്രി ഏറെവൈകിയും കാത്തിരിക്കുകയാണ്. ശക്തമായി പെയ്യുന്ന മഴ കനത്തതിരിച്ചടിയാവുന്നുണ്ട്.

അംഗബലം കുറവാണെങ്കിലും മക്കിമലയിൽ അടിക്കടി മാവോവാദി സാന്നിധ്യമുണ്ടാവാറുണ്ട്. തവിഞ്ഞാലിലെ മക്കിമലയും സമീപപ്രദേശങ്ങളുമാണ് ഇവരുടെ സ്ഥിരംതാവളങ്ങൾ. ഒരിടവേളയ്ക്കുശേഷം കമ്പമലയിലെ വനംവികസന കോർപ്പറേഷന്റെ മാനന്തവാടി ഡിവിഷണൽ മാനേജരുടെ ഓഫീസ് അടിച്ചുതകർത്താണ് മാവോവാദികൾ വയനാട്ടിൽ തങ്ങളുടെ ശക്തിതെളിയിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 28-ന് ഉച്ചയ്ക്കായിരുന്നു ഈ സംഭവം. ആറുപേരടങ്ങുന്ന സംഘമാണ് അന്നെത്തിയത്.

ഓഫീസിന്റെ ചുമരിൽ തമിഴിലും മലയാളത്തിലും എഴുതിയ പോസ്റ്ററുകൾ പതിച്ചശേഷമാണ് തൊഴിലാളികൾക്ക് ഐക്യദാർഢ്യമറിയിച്ച് ഓഫീസ് അടിച്ചുതകർത്തത്. മാവോവാദിനേതാവ് സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെയെത്തിയതെന്ന്‌ പോലീസ് സ്ഥിരീകരിച്ചിരുന്നെങ്കിലും ഇവരെ പിടികൂടാനായില്ല.