ഇടുക്കി നാടുകാണിയിൽ മണ്ണിടിച്ചിൽ, കാറിന് മുകളിൽ മണ്ണിടിഞ്ഞ് വീണു, യാത്രക്കാരെ രക്ഷപ്പെടുത്തി

ഇടുക്കി: അതിശക്തമായ മഴയെത്തുടർന്ന് നാടുകാണി സംസ്ഥാന പാതയിൽ കാറിന് മുകളിൽ മണ്ണിടിഞ്ഞ് വീണു. കാറിലുണ്ടായിരുന്നവരെ രക്ഷപെടുത്തി. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ രാത്രി യാത്ര നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി.

തൊടുപുഴ ഉടുമ്പന്നൂർ പ്രദേശത്ത് രാത്രിയിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. വിവിധ ഭാഗങ്ങളിൽ ഇതിനകം തന്നെ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. കരിപ്പിലങ്ങാട് ഉണ്ടായ മണ്ണിടിച്ചിൽ സ്ത്രീയെ രക്ഷപ്പെടുത്തി. മൂലമറ്റത്ത് തോടുകൾ കരകവിഞ്ഞൊഴുകുന്നു. കരിപ്പിലങ്ങാട് മണ്ണിനടിയിൽപെട്ട ഒരാളെ രക്ഷപെടുത്തി.

ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. പ്രധാന റോഡുകളിലെ വെള്ളക്കെട്ട്, വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്‌ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും കളക്ടറുടെ മുന്നറിയിപ്പിൽ പറയുന്നു.

സംസ്ഥാനത്ത് വീണ്ടും ആശങ്കയായി കേരള തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായി മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ഇടുക്കിയിലും കോഴിക്കോടും അതിശക്തമായ മഴയ്‌ക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.