മതസൗഹാര്‍ദ്ദം അവസാനിച്ചിട്ടില്ലെന്ന് തെളിയിച്ച് പൊന്നാട്, ക്രിസ്ത്യന്‍ വനിതയ്ക്ക് മദ്രസയില്‍ അന്ത്യശുശ്രൂഷ

കൊണ്ടോട്ടി: മതത്തിന്റെ പേരില്‍ പല അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമ്പോഴും മതസൗഹാര്‍ദ പരമായ ചില സംഭവങ്ങളും നടക്കുന്നുണ്ട്. അത്തരത്തില്‍ ഒരു സംഭവമാണ് കൊണ്ടോട്ടിയല്‍ ഉണ്ടായത്. ക്രിസ്ത്യന്‍ വനിതയ്ക്ക് മദ്രസയില്‍ അന്ത്യശുശ്രൂഷ നല്‍കിയിരിക്കുകയാണ്. പൊന്നാട് തഹ്ലീമുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി മദ്രസയില്‍ ബ്രിഡ്ജറ്റ് വിറ്റാഡ്‌സ് എന്ന് 84കാരിക്കാണ് അന്ത്യശുശ്രൂഷ നല്‍കിയത്.

വീട്ടില്‍ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ഒരു ദിവസം ഇവരുടെ മൃതശരീരം മദ്രസയില്‍ സൂക്ഷികക്കുകയും ചെയ്തു. കോഴിക്കോട് സ്വദേശിയാണ് ബ്രിഡ്ജറ്റ്. മഞ്ചേരിയില്‍ ജോലി ചെയ്ത് വരികയാണ്. ജോലിയില്‍ നിന്നും വിരമിച്ചതോടെ പൊന്നാട് നാല് സെന്റ് സ്ഥലത്ത് വീട് നിര്‍മിച്ച് 13 വര്‍ഷമായി താമസിച്ച് വരികയായിരുന്നു. ഭര്‍ത്താവ് കൂടി മരിച്ചതോടെ ഒറ്റപ്പെട്ടു. ഈ സമയം ഒപ്പം ജോലി ചെയ്തിരുന്ന ജാനകി മാത്രമാണ് കൂട്ടുണ്ടായിരുന്നത്.

അയല്‍വാസികളുമായി വളരെ മികച്ച ബന്ധമായിരുന്നു ബ്രിഡ്ജറ്റിന്. നാട്ടുകാര്‍ അമ്മച്ചി എന്നാണ് അവരെ വിളിച്ചിരുന്നത്. കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ വെച്ചായിരുന്നു ബ്രിഡ്ജറ്റ് മരിച്ചത്. തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയോടെ മൃതദേഹം വീട്ടില്‍ എത്തിച്ചു. ശനിയാഴ്ചയായിരുന്നു ശവസംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ചത്. ഇതുവരെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കണമായിരുന്നു. എന്നാല്‍ വീടിനുള്ളില്‍ ഫ്രീസര്‍ എത്തിക്കാനായില്ല. തുടര്‍ന്ന് വീടിന് സമീപമുള്ള മദ്രസയിലെ ക്ലാസ് മുറിയിലേക്ക് മാറ്റുകയായിരുന്നു.

മദ്രസയിലേക്ക് മാറ്റുന്നതിന് മുമ്പ് മുസ്ലീം സ്ത്രീകള്‍ എത്തി അമ്മച്ചിയെ അവസാനമായി കുളിപ്പിച്ചു. പൊന്നാട് മഹല്ല് ജുമഅത്ത് പള്ളിയില്‍ സ്ട്രച്ചര്‍ എത്തിച്ചാണ് കുളിപ്പിച്ചത്. ശനിയാഴ്ച രാവിലെ മൃതദേഹം സൂക്ഷിച്ചിരുന്ന ക്ലാസ് മുറിയിലെ പഠനം ഒഴിവാക്കി. കോഴിക്കോട് നിന്നെത്തിയ പള്ളിവികാരി വീടുകളില്‍ നടത്തേണ്ട അന്ത്യശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. ക്രിസ്തീയ ആചാരപ്രകാരമുള്ള ചടങ്ങുകള്‍ പീര്‍ത്തീകരിച്ച ശേഷം കോഴിക്കോട് വെസ്റ്റ്ഹില്‍ സെമിത്തേരിയിലേക്ക് മൃതദേഹം കൊണ്ടുപോയി.