ഗവര്‍ണര്‍ക്കെതിരെ വ്യാപക പ്രതിഷേധത്തിന് എല്‍ഡിഎഫ്; നവംബര്‍ 15ന് രാജ്ഭവന് മുന്നില്‍ ധര്‍ണ

തിരുവനന്തപുരം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന വ്യാപകമായ പ്രതിഷേധത്തിനൊരുങ്ങി എല്‍ഡിഎഫ്. ഇതിന്റെ ഭാഗമായി രാജ്ഭവന്റെ മുന്നില്‍ നവംബര്‍ 15 മുതല്‍ ധര്‍ണ സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ചാന്‍സിലര്‍ പദവിയെ ദുരുപയോഗം ചെയ്തുകൊണ്ട് ഗവര്‍ണര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

സംഘപരിവാര്‍ അജണ്ടയാണ് ഗവര്‍ണര്‍ നടപ്പാക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കൈകടത്തുവാനുള്ള നീക്കമാണ് സംഘപരിവാറിന്റേത്. കേരളത്തിന് പുറമേ തമിഴ്‌നാട്, പശ്ചിമ ബെംഗാള്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങലിലും വിദ്യാഭ്യാസ മേഖലയില്‍ ഇത്തരം ഇടപെടലുകള്‍ സംഘപരിവാര്‍ നടത്തുന്നുണ്ടെന്ന് ആദ്ദേഹം ആരോപിച്ചു. ഗവര്‍ണര്‍ വിസിമാരെ നിരന്തരം ഭാഷണിപ്പെടുത്തുകയാണെന്നും എംവി ഗോവിന്ദന്‍ ആരോപിക്കുന്നു.

അസാധാരണ നീക്കത്തിലൂടെ സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച നടപടി അമിതാധികാരത്തിന്റെ ദുരുപയോഗമാണെന്നും അത് നിയമവിരുദ്ധമാണെന്നും അദ്ദേഹം പറയുന്നു. കേരളത്തെ ആകെ ഒരു വിജ്ഞാന സമൂഹമാക്കുന്നതിനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതിനായി കമ്മീഷനെ നിയോഗിക്കുകയും സമഗ്രമായ മാറ്റത്തിന് തുടക്കം കുറിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറയുന്നു.