ലേണേഴ്‌സ് എടുക്കാനും പാടുപെടും, പരീക്ഷാ രീതിയിൽ മാറ്റമുണ്ടാകും, കൂടുതൽ പരിഷ്കാരത്തിന് ഒരുങ്ങി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം : ഡ്രൈവിംഗ് നന്നായി അറിയാത്ത ആർക്കും ഇനി ലൈസൻസ് കിട്ടരുതെന്ന ഉറച്ച തീരുമാനത്തിലാണ് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ. ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിന് പുതിയ മാർഗനിർദ്ദേശം പുറപ്പെടുവിച്ചതിന് പിന്നാലെ മോട്ടോർ വാഹനവകുപ്പിൽ കൂടുതൽ പരിഷ്കാരത്തിന് ഒരുങ്ങുകയാണ്.

ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള ലേണേഴ്‌സ് പരീക്ഷയിലും മാറ്റം നടപ്പാക്കാനാണ് പുതിയ നീക്കം. ഇത് സംബന്ധിച്ച സൂചനകൾ കഴിഞ്ഞ ദിവസം ഗണേഷ് കുമാർ നൽകിയിരുന്നു. ലേണേഴ്‌സ് പരീക്ഷാ രീതിയിൽ മാറ്റമുണ്ടാകും. നേരത്തെ 20 ചോദ്യങ്ങളിൽ 12 എണ്ണത്തിന് ശരിയുത്തരമെഴുതിയാൽ ലേണേഴ്‌സ് ടെസ്റ്റ് പാസാകാൻ കഴിയും. എന്നാൽ ഇനി മുതൽ ചോദ്യങ്ങളുടെ എണ്ണം 20ൽ നിന്ന് 30 ആക്കി ഉയർത്തിയേക്കും.

കൂടാതെ 30 ചോദ്യങ്ങളിൽ 25 എണ്ണത്തിനും ശരിയുത്തരം എഴുതിയാൽ മാത്രമേ പരീക്ഷ പാസാകൂവെന്നും മന്ത്രി വ്യക്തമാക്കി. ഒരു ദിവസം ഒരു ഓഫീസിൽ നിന്ന് ഇരുപതിലധികം ലൈസൻസ് അനുവദിക്കരുതെന്നും തീരുമാനിച്ചിട്ടുണ്ട്. സർക്കാർ ചെലവിൽ കെഎസ്ആ‌ർടിസി ഡ്രെെവിംഗ് സ്കൂളുകൾ വരാൻ പോകുന്നുവെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നുണ്ട്.

രണ്ട് മാസത്തിനുള്ളിൽ 10 സ്കൂളുകൾ തുടങ്ങാനാണ് കെഎസ്ആർടിസിയുടെ തീരുമാനം. ആധുനിക സൗകര്യങ്ങളുള്ള സ്കൂളായിരിക്കും തുടങ്ങുക. കാറും ജീപ്പും തുടങ്ങി ലെെറ്റ് മോട്ടോർ വാഹനങ്ങളായിരിക്കും പഠിപ്പിക്കുക. കെഎസ്ആർടിസിയിലെ ഡ്രെെവർമാർക്ക് ഇതിനായി പരിശീലനം നൽകുമെന്നാണ് വിവരം.