മോന്‍സന്‍ അന്താരാഷ്ട്ര ഫ്രോഡ്: രഹസ്യാന്വേഷണത്തിന് നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ലോക് നാഥ് ബെഹ്റയുടെ കത്ത് പുറത്ത്

പുരാവസ്തു വില്‍പ്പനക്കാരന്റെ മറവില്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ ചേര്‍ത്തല സ്വദേശി മോന്‍സന്‍ മാവുങ്കല്‍ അന്താരാഷ്ട്ര ഫ്രോഡാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള മുന്‍ പോലീസ് മേധാവിയുടെ കത്ത് പുറത്ത്. മോന്‍സന്‍ മാവുങ്കലിനെതിരെ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ലോക്നാഥ് ബെഹ്റയുടെ കത്താണ് പുറത്ത് വന്നിരിക്കുന്നത്. രഹസ്യാന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കത്താണ് പുറത്തുവന്നത്.

മോന്‍സന്‍ അന്താരാഷ്ട്ര ഫ്രോഡാണെന്നും മോന്‍സന്റെ കൈവശമുള്ള പുരാവസ്തുക്കളില്‍ പലതും വ്യാജമാണെന്നും മോഷ്ടിച്ചതാണെന്നും കത്തില്‍ പറയുന്നു. ഇന്റലിജന്‍സ് ഡിജിപിയ്ക്ക് 2019 മെയില്‍ അയച്ച കത്താണിത്. അന്ന് പോലീസ് മേധാവിയായിരുന്നു ലോക്നാഥ് ബെഹ്റ. നിര്‍ദ്ദേശത്തെ തുടര്‍ന്ന് മോന്‍സനെതിരെ ഇന്റലിജന്‍സ് അന്വേഷണം നടത്തിയിരുന്നു. സാമ്പത്തിക ഇടപാടില്‍ ദുരൂഹതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും നല്‍കിയിരുന്നു.