കത്ത് വിവാദം; സിപിഎം സംസ്ഥാന നേതൃത്വം സമ്മതിച്ചാൽ ഡിആർ അനിൽ രാജിവെയ്ക്കും

തിരുവനന്തപുരം. നഗരസഭാ കത്ത് വിവാദത്തില്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഡിആര്‍ അനില്‍ രാജിവെച്ചേക്കും. അനിലിന്റെ രാജിക്കായി സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അനുമതി തേടി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലാണ് രാജിസംബന്ധിച്ച് തീരുമാനം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അന്തിമ തീരുമാനം വന്നാല്‍ ഡിആര്‍ അനില്‍ രാജിവെക്കും.

കത്ത് വിവാദം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നതിനുവേണ്ടിയാണ് നീക്കം. നിലവില്‍ യുഡിഎഫും, ബിജെപിയും തുടരുന്ന സമരത്തിന്റെ തീവ്രത കുറയ്ക്കുകയാണ് ലക്ഷ്യം. ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജിവെക്കാനുള്ള അനുമതി തേടിയത്.

ഡിആര്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. വിജിലന്‍സ് അന്വേഷണം പുരോഗമിക്കവെയാണ് രാജി തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തുന്നത്. കത്ത് വിവാദത്തില്‍ ഡിആര്‍ അനിലിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.

സംസ്ഥാന നേതൃത്വത്തിന്റെ അനുമതി ലഭിക്കുകയാണെങ്കില്‍ തദ്ദേശമന്ത്രി എംബി രാജേഷ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ രാജിപ്രഖ്യാപിക്കാനാണ് നീക്കം. ചര്‍ച്ചയില്‍ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ പാലോട് രവി, ബിജെപി. ജില്ലാ പ്രസിഡന്റ് വിവി രാജേഷ്, സിപിഎം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവര്‍ പങ്കെടുക്കും.