കിഫ്ബി പദ്ധതികൾ ബജറ്റിലേക്ക് ശുപാർശ ചെയ്യേണ്ടെന്ന് എംഎൽഎമാർക്ക് കത്ത്‌

തിരുവനന്തപുരം. സംസ്ഥാന ബജറ്റിൽ കിഫ്ബി പദ്ധതികൾ ഒഴിവാക്കി സംസ്ഥാന സർക്കാർ. കിഫ്ബിയുമായി ബന്ധപ്പെട്ട പദ്ധതികളൊന്നും ബജറ്റിലേക്കു ശുപാർശ ചെയ്യേണ്ടതില്ലെന്ന് എംഎൽഎമാർക്ക് അയച്ച കത്തിൽ മന്ത്രി കെഎൻ ബാലഗോപാൽ‌ നിർദേശിച്ചു. കിഫ്ബി എടുത്ത വായ്പകൾ സംസ്ഥാന സർക്കാരിന്റെ വായ്പയായി കണക്കാക്കി സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചിരുന്നു.

ഇത് വികസന പദ്ധതികൾ നടപ്പാക്കുന്നതിനുള്ള കിഫ്ബിയുടെ ഫണ്ട് ശേഖരണത്തിനു വലിയ തടസ്സമാണു സൃഷ്ടിച്ചിരിക്കുന്നത്. നിലവിൽ ഏറ്റെടുത്തിട്ടുള്ള പദ്ധതികൾ പൂർത്തിയാക്കുന്നതിനുള്ള ഫണ്ട് കണ്ടെത്താൻ പോലും കിഫ്ബി പാടുപെടുകയാണ്. ആരംഭിക്കാനിരിക്കുന്നതും പുരോഗമിക്കുന്നതുമായ കിഫ്ബി പദ്ധതികൾക്ക് വേഗം പോരെന്ന പരാതിയും ജനപ്രതിനിധികൾ ഉന്നയിക്കുന്നുണ്ട്.

പകരം കിഫ്ബിക്കു പുറമേയുള്ള 20 പദ്ധതികൾ മുൻഗണനാ ക്രമം നോക്കി ശുപാർശ ചെയ്യാം. പുതിയതും ഇതുവരെ ഭരണാനുമതി ലഭിക്കാത്തതുമായ പദ്ധതികൾ ഈ പട്ടികയിൽ ഉൾക്കൊള്ളിക്കാമെന്നും മന്ത്രി നിർദേശിച്ചു. ഇതുവരെ 73851 കോടി രൂപയുടെ 986 പദ്ധതികൾക്കാണ് കിഫ്ബി അനുമതി നൽകിയിട്ടുള്ളത്.

ഇതിൽ 53851 കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനും 20000 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനുമാണ്.ഏറ്റവും കൂടുതൽ പദ്ധതികൾക്ക് അനുമതി നൽകിയിരിക്കുന്നത് പൊതുമരാമത്ത് വകുപ്പിനു കീഴിലാണ് 449 എണ്ണം. 142 പദ്ധതികൾ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലും 93 പദ്ധതികൾ ജലവിഭവ വകുപ്പിനു കീഴിലുമുണ്ട്.