നായകന്‍ സൂര്യയാണെന്ന് സംവിധായകന്‍ പറയാതിരുന്ന കാരണം ഇതാണ്; ലിജോമോള്‍ പറയുന്നു

ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത് സൂര്യ നിര്‍മിച്ച്‌ അഭിനയിച്ച ജയ് ഭീം എന്ന ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. മലയാളി താരം ലിജോമോളും നടന്‍ സൂര്യയുമാണ് ഈ റോളുകളില്‍ എത്തുന്നത്. 1993-95 കാലഘട്ടത്തില്‍ തമിഴ്‌നാട്ടില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജയ് ഭീം എന്ന ചിത്രത്തിലേക്ക് എത്തിയതിനെ കുറിച്ചും ചിത്രത്തിനായി നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ചും പറയുകയാണ്  ലിജോ മോള്‍

പൊലീസ് കള്ളക്കേസ് ചുമത്തി ലോക്കപ്പ് മര്‍ദ്ദനത്തിന് വിധേയമാക്കിയ തന്റെ ഭര്‍ത്താവിനെ അന്വേഷിച്ച്‌, നീതി തേടി ഇറങ്ങിയ ഇരുള വിഭാഗത്തില്‍ പെട്ട സെങ്കണി എന്ന യുവതിയുടെയും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ചന്ദ്രുവെന്ന അഭിഭാഷകന്റെയും പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഓഡിഷന്‍ വഴിയാണ് ജയ് ഭീമിലേക്ക് വരുന്നതെന്നും സിവപ്പ് മഞ്ചള്‍ പച്ചൈ എന്ന സിനിമ കണ്ടിട്ടാണ് സംവിധായകന്‍ ജ്ഞാനവേല്‍ വിളിക്കുന്നതെന്നും ലിജോ മോള്‍ പറയുന്നു.

ഓഡിഷന്റെ സമയത്ത് മലയാളത്തിലായിരുന്നു ഒരുരംഗം അഭിനയിച്ച്‌ കാണിച്ചുകൊടുത്തത്. കാരണം എനിക്ക് തമിഴ് അത്ര വശമില്ലായിരുന്നു. പക്ഷേ മലയാളത്തില്‍ ഡയലോഗ് പറഞ്ഞ് ചെയ്തത് അദ്ദേഹത്തിനിഷ്ടപ്പെട്ടു.

സിനിമ നിര്‍മിക്കുന്നത് സൂര്യയാണെന്ന് അറിയാമായിരുന്നു. ഓഡിഷന്‍ കഴിഞ്ഞ് സ്‌ക്രിപ്റ്റൊക്കെ കേട്ട് ചെയ്യാമെന്ന് പറഞ്ഞിരിക്കുകയായിരുന്നു. പിന്നെ തിരക്കഥ മുഴുവന്‍ കേട്ടപ്പോള്‍ നല്ല ഡെപ്ത് ഉള്ള വേഷമാണെന്ന് മനസിലായി. നന്നായി ചെയ്യേണ്ട ഒന്നാണെന്ന് മനസിലായി. അങ്ങനെയാണ് ജയ് ഭീം ചെയ്യാന്‍ തീരുമാനിച്ചത്, ലിജോ മോള്‍ പറയുന്നു. നാട്ടിലെത്തി പിറ്റേദിവസം സംവിധായകന്‍ വിളിച്ചു. എന്നോട് അഡ്വ. ചന്ദ്രു എന്ന കഥാപാത്രം ആരാണ് ചെയ്യുന്നത് എന്ന് അറിയാമോ എന്ന് ഇങ്ങോട്ട് ചോദിച്ചു.

ഇല്ല എന്ന് പറഞ്ഞപ്പോള്‍ ഒന്ന് ഊഹിച്ച്‌ പറയാന്‍ പറഞ്ഞു. ഞാന്‍ കുറച്ച്‌ പ്രായമുള്ള, പ്രകാശ് രാജിനേപ്പോലെയുള്ള ഒരാളെയാണ് പ്രതീക്ഷിച്ചത്. പക്ഷേ ഞാന്‍ പറഞ്ഞില്ല. ഒരാളെയും മനസില്‍ വരുന്നില്ല എന്ന് പറഞ്ഞപ്പോഴാണ് സൂര്യയാണെന്ന് പറഞ്ഞത്. ലിജോ മോളുടെ അടുത്ത് ഇത് നേരത്തേ പറയാതിരുന്നതാണ്. കാരണം സൂര്യ അഭിനയിക്കുന്നത് കൊണ്ട് അഭിനയിക്കാന്‍ സന്നദ്ധത കാണിക്കും എന്ന് വിചാരിച്ചാണ് പറയാതിരുന്നതെന്നും ജ്ഞാനവേല്‍ സാര്‍ പറഞ്ഞു. കേട്ടപ്പോള്‍ അത്ഭുതപ്പെട്ടുപോയി, ലിജോ മോള്‍ പറയുന്നു.

സംവിധായകനെന്ന നിലയില്‍ അത്രയേറെ ആത്മാര്‍ത്ഥതയുള്ള വ്യക്തിയാണ് ജ്ഞാനവേലെന്നും ചിത്രത്തിലെ എല്ലാ കാര്യങ്ങളും സത്യസന്ധമായാണ് കാണിച്ചതെന്നും ലിജോ മോള്‍ പറയുന്നു. ഇരുളവിഭാഗക്കാര്‍ക്കൊപ്പമുള്ള പരിശീലനത്തെ കുറിച്ചും അഭിമുഖത്തില്‍ ലിജോ മോള്‍ പറയുന്നുണ്ട്. ജനുവരി പകുതി തൊട്ട് മാര്‍ച്ച്‌ ആദ്യം വരെ മണികണ്ഠനും താനും അവരുടെ കൂടെ തന്നെയായിരുന്നെന്നും ആദ്യത്തെ ഒന്നുരണ്ടാഴ്ച തമിഴ് പഠിക്കാനാണ് ചെലവഴിച്ചതെന്നും താരം പറയുന്നു. തമിഴ് പഠിക്കാനും അവരോട് ഇടപഴകി വരാനും മണികണ്ഠന്‍ ഒരുപാട് സഹായിച്ചു. അങ്ങനെ അവരോട് സംസാരിക്കുകയും അവരുമായി ഒരു ബന്ധമുണ്ടാക്കിയെടുക്കുകയും ചെയ്തു. പിന്നെ അവരുടെ കുടിലുകളിലേക്ക് പോവുകയും അവര്‍ ദിവസവും ചെയ്യുന്ന കാര്യങ്ങള്‍ ചെയ്ത് നമ്മളും അവരില്‍ ഒരാളായി മാറുകയും ചെയ്യുകയായിരുന്നു, ലിജോ മോള്‍ പറയുന്നു.