വയറ് അഴിച്ചുമാറ്റി കെട്ടുമ്പോള്‍ രാത്രി വേദനയാണ്, പക്ഷെ അവരനുഭവിച്ച വേദന ഇതിനേക്കാള്‍ ഭീകരമാണെന്ന് ലിജോമോള്‍

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ലിജോമോള്‍. ഇപ്പോള്‍ മലയാളി പ്രേക്ഷകരുടെ മാത്രമല്ല തെന്നിന്ത്യന്‍ സിനിമ പ്രേമികളുടേയും പ്രിയപ്പെട്ട് താരമാണ്. ജയ് ഭീം എന്ന ഒറ്റ ചിത്രം കൊണ്ട് തമിഴ് സിനിമയിലും ശ്രദ്ധേയയാവുകയായിരുന്നു. സൂര്യ പ്രധാനവേഷത്തില്‍ എത്തിയ ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു നടി കാഴ്ചവെച്ചത്. ഇപ്പോഴിത സെങ്കേനിയായതിനെ കുറിച്ച്‌ വെളിപ്പെടുത്തുകയാണ് നടി.

ഈ സിനിമയില്‍ ആദ്യ കുറച്ചു സീനുകളൊഴികെ ഗര്‍ഭിണിയായാണ് ഞാന്‍ അഭിനയിക്കുന്നത്. എട്ടു-ഒന്‍പതു മാസത്തെ കൃത്രിമ വയര്‍ വച്ചുള്ള ഷൂട്ടിങ് കുറച്ചു ബുദ്ധിമുട്ടായിരുന്നു. രാവിലെ വയര്‍ വച്ചാല്‍ പിന്നെ നടപ്പും ഇരിപ്പും ഭക്ഷണം കഴിക്കുന്നതുമൊക്കെ ഗര്‍ഭിണിയെപ്പോലെ തന്നെ. ചില ദിവസങ്ങളില്‍ വയറ്‍ അഴിച്ചു മാറ്റിയിട്ട് രാത്രി കിടക്കുമ്ബോള്‍ നടുവേദന ബുദ്ധിമുട്ടിക്കും. പക്ഷേ, ഇതൊന്നും സെങ്കേനി ജീവിതത്തില്‍ അനുഭവിച്ച വേദനകളുടെ ലക്ഷത്തിലൊന്നു പോലും വരില്ലെന്നും ലിജോ പറയുന്നു.

ഇരുളര്‍ സ്ത്രീകളുടെ പതിവു വേഷം സാരിയാണ്. അതുകൊണ്ട് പരിശീലന കാലയളവില്‍ അവരുടെ ശൈലിയിലാണ് സാരി ഉടുത്തിരുന്നത്. അവരുടെ കുടിലിലാണ് താമസിച്ചത്. ചെങ്കല്‍ചൂളയിലെ ജോലിക്കും പാടത്തു ഞാറു നടാനുമൊക്കെ ഞങ്ങളെയും കൊണ്ടുപോയി. രാത്രിയാണ് അവര്‍ വേട്ടയ്ക്കു പോകുന്നത്, അതിനൊപ്പം ഞങ്ങളും പോയി. അവര്‍ ചെരുപ്പ് ഉപയോഗിക്കാത്തതു കൊണ്ട് വേട്ടയ്ക്കു പോകുമ്ബോള്‍ പുലര്‍ച്ചെ വരെ ഞങ്ങളും ചെരിപ്പിടാറില്ല. എലിയെ പിടിച്ചു കൊന്ന്, വൃത്തിയാക്കി കറിവച്ചു കഴിക്കും. എലിയെ കൊല്ലുന്നതൊഴികെ ബാക്കിയെല്ലാം ഞാന്‍ ചെയ്തു.

സംവിധായകന്‍ കട്ട് പറഞ്ഞിട്ടും സെങ്കേനിയില്‍ നിന്ന് ഇറങ്ങി വരാന്‍ സമയം എടുത്തുവെന്നാണ് ലിജോ പറയുന്നത്. അത്ര മാത്രം അവരുടെ വേദനകള്‍ മനസ്സില്‍ പതിഞ്ഞുവെന്നാണ ലിജോ പറയുന്നത്. ഇപ്പോഴും സെങ്കേനിയുടെ വേദനകള്‍ മനസ്സിനെ വേട്ടയാടുന്നുണ്ടെന്ന് ലിജോമോള്‍ പറയുന്നു. ഈ സിനിമയില്‍ അഭിനയിക്കാമെന്നു സമ്മതിച്ചപ്പോള്‍ തന്നെ സംവിധായകന്‍ ജ്‍ഞാനവേല്‍ സര്‍ പറഞ്ഞിരുന്നു, ‘ഇതൊരു യഥാര്‍ഥ ജീവിത കഥയാണ്. സെങ്കേനി എന്ന കഥാപാത്രം ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്ന്.

പാര്‍വതി അമ്മാള്‍ എന്ന ആ സ്ത്രീ ഭര്‍ത്താവിനു വേണ്ടി പ്രമുഖ അഭിഭാഷകന്‍ ചന്ദ്രു വഴി നടത്തിയ നിയമപോരാട്ടങ്ങളാണ് സിനിമയ്ക്കു പ്രചോദനമായത്. യഥാര്‍ഥ കഥയില്‍ സിനിമയ്ക്ക് വേണ്ട ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. പാര്‍വതി അമ്മാളെ നേരില്‍ കാണണമെന്നും ആ കനല്‍വഴികള്‍ ചോദിച്ച്‌ അറിയണമെന്നും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, സിനിമയുടെ ഷൂട്ടിങ്ങിനു മുന്‍പ് അതു നടന്നില്ല. അവരെ നേരില്‍ കണ്ടു സംസാരിക്കണമെന്നതാണ് ഇപ്പോഴത്തെ വലിയ മോഹം. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് എല്ലാ തരത്തിലും മാറ്റിനിര്‍ത്തപ്പെട്ടവരാണ് ഇരുള സമുദായം. അവരുടെ ജീവിതം അടുത്തറിഞ്ഞപ്പോഴാണ് എനിക്കതു മനസ്സിലായത്.

കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും ഇതെന്ന് ജ്‍ഞാനവേല്‍ സര്‍ ഒഡിഷനു വിളിക്കുമ്ബോള്‍ കരുതിയതേയില്ല. ഈ സിനിമയിലെ ഒരു രംഗം തന്നെയാണ് അഭിനയിക്കാന്‍ തന്നത്. തമിഴ് എനിക്കത്ര പിടിയില്ല. ഡയലോഗ് ഡെലിവറിയില്‍ ശ്രദ്ധിക്കുമ്ബോള്‍ പെര്‍ഫോമന്‍സ് പിന്നോട്ടു പോകുന്നു. പലതവണ ശ്രമിച്ചിട്ടും ശരിയായില്ല. അപ്പോള്‍ സംവിധായകന്‍ പറഞ്ഞു. ‘സീന്‍ മനസ്സിലായില്ലേ, ഇനി മലയാളത്തില്‍ ഡയലോഗ് പറഞ്ഞ് പെര്‍ഫോം ചെയ്തോളൂ…’ അതു വിജയിച്ചു. മലയാളത്തില്‍ ഡയലോഗ് പറഞ്ഞ് തമിഴ് സിനിമയുടെ ഒഡിഷന്‍ പാസ്സായ ഒരേയൊരാള്‍ ഒരുപക്ഷേ, ഞാനാകും.

ഇരുളര്‍ സമൂഹത്തെക്കുറിച്ചു ഞാനോ എന്റെ ഭര്‍ത്താവായി അഭിനയിച്ച മണികണ്ഠനോ കേട്ടിട്ടു കൂടിയുണ്ടായിരുന്നില്ല. ഷൂട്ട് തുടങ്ങും മുന്‍പ് ട്രെയ്നിങ് ഉണ്ടാകുമെന്നു പറഞ്ഞിരുന്നു. തമിഴ്നാട്ടിലാണ് ഇരുളര്‍ മക്കള്‍ കൂടുതലായുള്ളത്. കേരളത്തില്‍ ചിലയിടങ്ങളിലുമുണ്ടെന്ന് പറഞ്ഞെങ്കിലും എനിക്കറിയാമായിരുന്നില്ല. ഞങ്ങള്‍ അഞ്ചു പേരൊഴികെ ഇരുള വിഭാഗക്കാരായി അ ഭിനയിച്ച ബാക്കിയെല്ലാവരും ആ സമൂഹത്തില്‍ നിന്നുള്ളവരായിരുന്നു. അവര്‍ക്കൊപ്പമുള്ള ഒന്നരമാസത്തെ ജീ വിതമാണ് ഞങ്ങള്‍ക്ക് അറിവു പകര്‍ന്നു തന്നത്. ഭാഷ പഠിക്കുന്നതായിരുന്നു വലിയ ടാസ്ക്. എന്റെ തമിഴ്, ‘തമിഴാളം’ എന്നു പറയാവുന്ന തരത്തിലുള്ള ഒരു ഭാഷയാണ്. ഇരുളര്‍ മക്കളുടേത് സാധാരണ തമിഴിനേക്കാള്‍ വളരെ വ്യത്യസ്തവും. രണ്ടാഴ്ച കൊണ്ടാണ് ആ ഭാഷ പഠിച്ചെടുത്തത്. സിനിമ തുടങ്ങും മുന്‍പേ എന്റെ ഡയലോഗുകള്‍ മനഃപാഠമാക്കി. സെങ്കേനിക്ക് വേണ്ടി ഡബ് ചെയ്തതും ഞാനാണ്.