വാർദ്ധക്യസഹജമായ അസുഖം, എല്‍.കെ.അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എൽ.കെ.അദ്വാനിയുടെ ആരോഗ്യനില തൃപ്തികരം. വാർത്താക്കുറിപ്പിലാണ് എയിംസ് ആശങ്കകൾ വേണ്ടെന്ന് വ്യക്തമാക്കിയത്. ഡൽഹിയിലെ എയിംസിൽ കഴിഞ്ഞ ദിവസമാണ് മുൻ ഉപ പ്രധാനമന്ത്രിയെ പ്രവേശിപ്പിച്ചത്. വാർദ്ധക്യസഹജമായ രോഗങ്ങളാണ് അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കാരണം.

എയിംസിലെ ജെറിയാട്ടിക് വിഭാഗത്തിൽ ആണ് എൽ.കെ അധ്വാനി ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. 96 വയസ്സുകാരനായ എൽകെ അധ്വാനിയെ ഭാരത രത്ന നൽകി രാജ്യം ഈ വർഷം ആദരിച്ചിരുന്നു.

ഇതിനിടെ എൽകെ അദ്വാനിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരാഞ്ഞു. അദ്വാനിയുടെ കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ചാണ് പ്രധാനമന്ത്രി വിവരങ്ങൾ ആരാഞ്ഞത്.വിദഗ്ധ ചികിത്സയ്ക്കുള്ള എല്ലാ സൗകര്യങ്ങളും എയിംസ് ഒരുക്കുമെന്ന് കുടുംബാംഗങ്ങളെ അദ്ദേഹം അറിയിച്ചു.