മഴ കനിഞ്ഞില്ലെങ്കില്‍ 16-ന് ശേഷം സംസ്ഥാനത്ത് ലോഡ് ഷെഡിംഗ്

മഴ ശക്തമായില്ലെങ്കില്‍ ഈ മാസം 16 നു ശേഷം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരും. 86 ദിവസം വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളമേ സംഭരണികളിലുള്ളൂ. സ്ഥിതി വിലയിരുത്താന്‍ 16നു വീണ്ടും യോഗം ചേരുമെന്നും അതിനു ശേഷം തീരുമാനം എടുക്കുമെന്നും വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്.പിള്ള അറിയിച്ചു.

ശക്തമായ മഴ ലഭിച്ചാല്‍ ഈ അവലോകന യോഗത്തിനു പ്രസക്തിയില്ലാതാകും. അല്ലെങ്കില്‍ ഇടമണ്‍-കൊച്ചി 400കെവി ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ സാധിക്കണം. ഏതാണ്ടു പൂര്‍ത്തിയായ ഈ ലൈനിന്റെ 0.6 കിലോമീറ്റര്‍ ഭാഗമാണ് കേസില്‍ കുടുങ്ങി കിടക്കുന്നത്. അതു കൂടി പൂര്‍ണമായാല്‍ 1000 മെഗാവാട്ട് വൈദ്യുതി പുറത്തു നിന്നു കൊണ്ടു വരാം. പുറത്തു നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ തടസ്സം നേരിട്ടാല്‍ മാധ്യമങ്ങളിലൂടെ മുന്‍കൂട്ടി അറിയിച്ച ശേഷം നിയന്ത്രണം ഏര്‍പ്പെടുത്തും.

ഇടുക്കിയില്‍ ആകെ സംഭരണ ശേഷിയുടെ 20.3% വെള്ളമേയുള്ളൂ. ശബരിഗിരിയില്‍ 17.5%, ഇടമലയാറില്‍ 20.2% എന്നിങ്ങനെയാണു കണക്ക്. കഴിഞ്ഞവര്‍ഷം ഇതേസമയം ഡാമുകളില്‍ 92% വെള്ളമുണ്ടായിരുന്നു. ഇപ്പോഴാകട്ടെ വെറും 21 ശതമാനവും. ഈ വെള്ളവുമായി തുലാവര്‍ഷം വരെ പോകുന്നതാണു വെല്ലുവിളി. വരും ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തിലാണു പ്രതീക്ഷ.

നിലവില്‍ സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് 21 ശതമാനം മാത്രമാണ്. ഈ മാസം നല്ല മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ പ്രവചനം. അതിനാലാണ് ആഗസ്റ്റ് 16 വരെയുള്ള സ്ഥിതി വിലയിരുത്താന്‍ തീരുമാനിച്ചതെന്നും മഴയുടെ ലഭ്യത അനുസരിച്ച് അടുത്ത തീരുമാനങ്ങള്‍ ബോര്‍ഡ് എടുക്കുമെന്നും കെഎസ്ഇബി ചെയര്‍മാന്‍ വ്യക്തമാക്കി.