തദ്ദേശ ഉപതിരഞ്ഞെടുപ്പ്, യുഡിഎഫ് 9, എൽഡിഎഫ് 7, ബിജെപി 1

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ 17 തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ഞ് പോരാടി എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍. യുഡിഎഫ് 9 വാർഡുകളിലും എൽഡിഎഫ് 7 വാർഡുകളിലും, ബിജെപി ഒരു വാർഡിലും ജയിച്ചു. വ്യാഴാഴ്ചയായിരുന്നു വോട്ടെടുപ്പ്. ഒൻപത് ജില്ലകളിലായി 2 ബ്ലോക്ക് പഞ്ചായത്ത്, 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

എല്‍ഡിഎഫ് യുഡിഎഫിന്റെ മൂന്ന് സീറ്റുകള്‍ പിടിച്ചെടുത്തു. യുഡിഎഫ് എല്‍ഡിഎഫിന്റെ രണ്ട് സിറ്റിങ് സീറ്റുകളും സ്വതന്ത്ര മത്സരിച്ച് വിജയിച്ച ഒരു സീറ്റും പിടിച്ചെടുത്തു. ബിജെപി ഇത്തവണ ഒരു സീറ്റ് നേടിയിട്ടുണ്ട്. സിപിഎമ്മില്‍ നിന്നാണ് ബിജെപി ഒരു വാര്‍ഡ് പിടിച്ചെടുത്തിട്ടുള്ളത്.

കൊല്ലം:തെന്മല ഗ്രാമപ്പഞ്ചായത്തിലെ ഒറ്റക്കല്‍ വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്. സിപിഎം സ്ഥാനാര്‍ഥി അനുപമ കോണ്‍ഗ്രസിന്റെ ബിജിലി ജെയിംസിനെ 34 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ആദിച്ചനല്ലൂര്‍ ഗ്രാമപ്പഞ്ചായത്തിലെ പുഞ്ചിരിച്ചിറ വാര്‍ഡ് ബിജെപി പിടിച്ചെടുത്തു. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്. ബിജെപി സ്ഥാനാര്‍ഥി എ.എസ്.രഞ്ജിത്ത് 100 വോട്ടുകള്‍ക്കാണ് സിപിഎമ്മിലെ അനിലിനെ പരാജയപ്പെടുത്തിയത്. എല്‍ഡിഎഫ് അംഗമായിരുന്ന രതീഷ് കുമാര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ ബിജെപിക്കെതിരെ രണ്ട് വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രതീഷ് വിജയിച്ചത്.

ആലപ്പുഴ: തലവടി പഞ്ചായത്ത് 13-ാം വാർഡിൽ സിപിഎം സ്ഥാനാർഥി എൻ.പി.രാജൻ 197 വോട്ടിനു ജയിച്ചു. രാജൻ ആകെ 493 വോട്ടാണ് നേടിയത്. കോൺഗ്രസ് സ്ഥാനാർഥി അഭിലാഷ് പുന്നേപ്പാടത്തിന് 296 വോട്ട് ലഭിച്ചു. ആം ആദ്മി പാർട്ടി 108 വോട്ട് നേടി. ബിജെപിക്കു ലഭിച്ചത് 46 വോട്ട് മാത്രം.

കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ മറവന്‍ തുരുത്ത് ഡിവിഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. 232 വോട്ടുകള്‍ക്കാണ് സിപിഎം സ്ഥാനാര്‍ഥിയായ രേഷ്മ പ്രവീണ്‍ വിജയിച്ചത്. കഴിഞ്ഞ തവണ ആയിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം എല്‍ഡിഎഫിനുണ്ടായിരുന്നു.

എറണാകുളം: ജില്ലയിൽ ഉപതിരഞ്ഞെടുപ്പു നടന്ന 4 പഞ്ചായത്ത് വാർഡുകളിലും യുഡിഎഫിനു ജയം. വടക്കേക്കരയിലും മൂക്കന്നൂരിലും വാർഡ് നിലനിർത്തിയപ്പോൾ എഴിക്കരയിലും പള്ളിപ്പുറത്തും സിപിഎമ്മിൽ നിന്നു പിടിച്ചെടുത്തു.

തൃശൂര്‍: മാടക്കത്തറ ഗ്രാമപ്പഞ്ചായത്തിലെ താണിക്കുടം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഐയിലെ മിഥുന്‍ 174 വോട്ടുകള്‍ക്ക് വിജയിച്ചു. ബിജെപിയാണ് ഇവിടെ രണ്ടാം സ്ഥാനത്ത്. കോണ്‍ഗ്രസ് മൂന്നമതായി. പാലക്കാട്:പൂക്കോട്ടു കാവ് ഗ്രാമപഞ്ചായത്തിലെ വാർഡ് 7 താനിക്കുന്ന് എൽഡിഎഫ് സീറ്റ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർഥി പി.മനോജ് 303 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കോൺഗ്രസ് സ്ഥാനാർഥി ഉണ്ണികൃഷ്ണനെയാണു പരാജയപ്പെടുത്തിയത്.

മലപ്പുറം: ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന ഒരു ബ്ലോക്ക് ഡിവിഷനും 3 ഗ്രാമ പഞ്ചായത്ത് വാർഡുകളും യുഡിഎഫ് നിലനിർത്തി. ചുങ്കത്തറ പഞ്ചായത്തിൽ കൂറുമാറിയ യുഡിഎഫ് അംഗത്തെ അയോഗ്യയാക്കിയ വാർഡും ഇതിലുൾപ്പെടും. ഇതോടെ, പഞ്ചായത്തിൽ യുഡിഎഫിനും എൽഡിഎഫിലും 10 അംഗങ്ങൾ വീതമായി. ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്നിടത്ത് ഭൂരിപക്ഷം കുറഞ്ഞു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിലെ ചെമ്മാണിയോട് (യുഡിഎഫ്), ചുങ്കത്തറ ഗ്രാമപഞ്ചായത്തിലെ കളക്കുന്ന് (യുഡിഎഫ് സ്വതന്ത്രൻ), തുവ്വൂർ ഗ്രാമപഞ്ചായത്തിലെ അക്കരപ്പുറം (യുഡിഎഫ്), പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിലെ കട്ടിലശ്ശേരി (യുഡിഎഫ്).

കോഴിക്കോട്: വേളം ഗ്രാമപ്പഞ്ചായത്തിലെ പാലോടിക്കുന്ന് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. ലീഗിലെ ഇ.പി.സലീം 42 വോട്ടുകള്‍ക്ക് ജയിച്ചു. കണ്ണൂര്‍: മുണ്ടേരി ഗ്രാമപ്പഞ്ചായത്തിലെ താറ്റിയോട് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎമ്മിലെ റീഷ്മ 393 വോട്ടുകള്‍ക്കാണ് ജയിച്ചത്. ധര്‍മടം ഗ്രാമപ്പഞ്ചായത്തിലെ പരീക്കടവ് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. വെറും ഒമ്പത് വോട്ടുകള്‍ക്കാണ് ഇവിടെ സിപിഎം സ്ഥാനാര്‍ഥിയായ ബി.ഗീതാമ്മ വിജയിച്ചത്. കോണ്‍ഗ്രസിലെ സുരേഷാണ് രണ്ടാമത്.