പെൺകുട്ടി സ്വമനസ്സാലെ എടുത്ത തീരുമാനമല്ല ആരുടെയൊക്കെയോ നിർബന്ധപ്രകാരമാണ് കുട്ടി ഹർജി നൽകിയത്, ലൂസി കളപ്പുര

റോബിൻ വടക്കുംചേരി ഇരയെ വിവാഹം കഴിക്കാൻ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി സിസ്റ്റർ ലൂസി കളപ്പുര രം​ഗത്ത്. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ ശേഷം അത് ഉഭയ സമ്മത പ്രകാരമാണെന്ന് വാദിച്ച്‌ ഹർജി നൽകുന്നതിൽ എന്ത് ന്യായമാണ് ഉള്ളതെന്ന് സിസ്റ്റർ ചോദിക്കുന്നു.

ലൂസി കളപ്പുരയുടെ വാക്കുകളിങ്ങനെ

‘ പതിനാറ് വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ ഗർഭം ധരിപ്പിച്ചതിന്റെ ഉത്തരവാദിത്തം അപ്പന്റെ തലയിൽ കെട്ടിവയ്ക്കാൻ മാത്രം നിന്ദ്യമായിത്തീർന്ന ഒരു പൗരോഹിത്യമാണ് അവിടെ കണ്ടത്. ഒരു കാരണവശാലും അംഗീകരിക്കാൻ പറ്റാത്തത്. ഇപ്പോൾ പുതിയൊരു തന്ത്രമാണ് ഇറക്കിയിരിക്കുന്നത്. ഈയൊരു പെൺകുട്ടി സ്വമനസാൽ എന്ന് എഴുതിക്കൊടുത്തെങ്കിലും ഒരു കാരണമവശാലും സ്വതന്ത്രമായ തീരുമാനമായിരിക്കില്ലെന്ന് വ്യക്തമാണ്. വയറ്റിലുള്ള കുഞ്ഞിന്റെ പിതൃത്വം സ്വന്തം അപ്പന്റെ തലയിൽ കെട്ടിവയ്ക്കാൻ നിർബന്ധിക്കപ്പെട്ടപ്പോൾ നോ പറഞ്ഞ കുട്ടിയാണ് അത്. ആ ധൈര്യം കുട്ടിയ്ക്കുണ്ട്. പക്ഷേ ആരുടെയൊക്കെയോ നിർബന്ധപ്രകാരമാണ് ഇങ്ങനെ ചെയ്തത്.

കൊട്ടിയൂര്‍ പീഡന കേസില്‍ ശിക്ഷ അനുഭവിക്കുന്ന മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരി ജാമ്യം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിനാണ് ജാമ്യം അനുവദിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്. ജസ്റ്റിസ്മാരായ വിനീത് ശരണ്‍, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കും.