കേന്ദ്രത്തിനുള്ള ട്വീറ്റില്‍ സച്ചിനും കോഹ്ലിയും അക്ഷയ് കുമാറുമടക്കം കുടുങ്ങും, ഉത്തരവിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ലതാ മം​ഗേഷ്കര്‍,വിരാട് കോഹ്ലി, അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, തുടങ്ങിയവരുടെ ട്വീറ്റിലാണ് മഹാരാഷ്ട്ര ഇന്റലിജന്‍സ് വിഭാ​ഗം അന്വേഷണം പ്രഖ്യാപിച്ചത്  കര്‍ഷക പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ വിദേശ സെലിബ്രിറ്റികളുടെ പിന്നാലെ രാജ്യത്തെ സിനിമാസാംസ്കാരിക കായിക താരങ്ങള്‍ നടത്തിയ ട്വീറ്റില്‍ ഇന്റലിജന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍. മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് ആണ് ഇക്കാര്യം അറിയിച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദ്ദം മൂലം നടത്തിയ ട്വീറ്റ് ആണോ അതോ വിവാദ കാര്‍ഷിക നിയമത്തില്‍ താരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് പിന്തുണ അറിയിച്ചതാണോ തുടങ്ങിയ കാര്യങ്ങള്‍ ഇന്റലിജന്‍സ് വിഭാ​ഗം അന്വേഷിക്കും. കര്‍ഷക സമരത്തിന് പിന്തുണയുമായി പോപ് സ്റ്റാര്‍ റിഹാന എത്തിയതിന് പിന്നാലെയാണ് #IndiaTogether, #IndiaAgainstPropaganda എന്നീ ഹാഷ്ടാ​ഗുകളുമായി ഇന്ത്യന്‍ കായിക താരങ്ങളും സിനിമാ രംഗത്തുള്ളവരും ട്വിറ്ററില്‍ തുടര്‍ച്ചയായി പോസ്റ്റുകള്‍ നല്‍കിയത്.

ഇവരുടെയെല്ലാം ട്വീറ്റുകളില്‍ സമാനതകളുണ്ടെന്നും അതിനാല്‍ ഇത് മുന്‍ നിശ്ചയിച്ചപ്രകാരമുള്ളതാകാമെന്നുമാണ് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് അഭിപ്രായപ്പെടുന്നത് . ഇത് സമ്മര്‍ദ്ദത്തിന്റെ ഫലമായുണ്ടായതാണോ എന്നാണ് അന്വേഷിക്കുന്നതെന്നും ദേശ്മുഖ് പറഞ്ഞു .താരങ്ങളുടെയെല്ലാം ട്വീറ്റിന്റെ സമയം, രീതി എന്നിവയെല്ലാം കണക്കിലെടുത്താല്‍ ഇത് മോദി സര്‍ക്കാരിന്റെ സമ്മര്‍ദ്ദപ്രകാരം നടന്നതാണെന്ന് അനുമാനിക്കാമെന്നും മന്ത്രി സൂചിപ്പിച്ചു .

”സച്ചിന്‍ ടെണ്ടുല്‍ക്കറോ ലതാ മം​ഗേഷ്കറോ ആരുടെയെങ്കിലും മരണത്തില്‍ പോലും ആദരമര്‍പ്പിച്ചുകൊണ്ട് ട്വീറ്റ് ചെയ്യാറില്ല. എന്നാല്‍ പെട്ടന്ന് കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ചുകൊണ്ട് ട്വീറ്റ് ചെയ്യുന്നു. ഇതിനെതിരെ ഞങ്ങള്‍ പരാതി നല്‍കി. ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് അന്വേഷണത്തിന് ഉത്തരവിട്ടു. ആരുടെയും അഭിപ്രായ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുകയല്ല, എന്നാല്‍ ട്വീറ്റുകളുടെ പാറ്റേണ്‍ നല്‍കുന്ന സൂചന, മോദി സര്‍ക്കാര്‍ ഈ ഭാരത രത്നങ്ങളെ സമ്മര്‍‍ദ്ദത്തിലാക്കി എന്നാണ്” – മഹാരാഷ്ട്ര കോണ്‍​ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് വിശദമാക്കി .