ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവെച്ചതായി അഭ്യൂഹങ്ങൾ

കൊളംബോ ∙ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചതായി റിപ്പോർട്ടുകൾ . രാജ്യത്തെ എല്ലാ പ്രധാന പാർട്ടികളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി ഇടക്കാല സർക്കാർ രൂപീകരിക്കാനാണ് രാജിയെന്നായിരുന്നു അഭ്യൂഹങ്ങൾ . എന്നാൽ രാജിവച്ചെന്ന വാർത്ത പ്രധാനമന്ത്രിയുടെ ഓഫിസ് നിഷേധിച്ചിരിക്കുകയാണ് .

സാമ്പത്തിക പ്രതിസന്ധിമൂലം നട്ടംതിരിയുന്ന രാജ്യത്തു പ്രതിഷേധം രൂക്ഷമാണ്. പ്രതിപക്ഷത്തിന്റെ രാജ്യവ്യാപക പ്രക്ഷോഭം നേരിടാൻ തിങ്കളാഴ്ച രാവിലെ 6 വരെ സർക്കാർ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. സമൂഹമാധ്യമങ്ങൾക്കും വിലേക്കേർപ്പെടുത്തി.

എന്നാൽ ഇതെല്ലാം അവഗണിച്ച് ജനം തെരുവിലിറങ്ങി. വ്യാഴാഴ്ച രാത്രി പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ വീടിനു മുന്നിലെ പ്രതിഷേധം കലാപത്തിന്റെ വക്കിലെത്തിയിരുന്നു. ഇതേത്തുടർന്ന് വെള്ളിയാഴ്ച ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.