സംവിധായകന്‍ മേജര്‍ രവി ബിജെപി വിട്ട് കോണ്‍ഗ്രസില്‍, ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തു

കൊച്ചി: നടനും സംവിധായകനുമായ മേജര്‍ രവി ബിജെപി വിട്ട് കോണ്‍ഗ്രസില്‍. ബി.ജെ.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന മേജര്‍ രവി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി കേരളത്തിലുട നീളം പ്രചരണത്തിനിറങ്ങിയിരുന്നു. എന്നാല്‍ ഇത്തവണ ബി.ജെ.പിക്ക് വേണ്ടി താന്‍ ഇറങ്ങില്ലെന്നും ബി.ജെ.പിയില്‍ സത്യസന്ധരായ നേതാക്കളില്ലെന്നും മേജര്‍ രവി മുന്‍പ് വ്യക്തമാക്കിയിരുന്നു. സംസ്ഥാന ബി.ജെ.പിയിലെ 90 ശതമാനം നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നും തനിക്കെന്തു കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കള്‍ക്കും ഉള്ളതെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ഒറ്റ ഒരു നേതാവും നന്ദി പറയാന്‍ പോലും തന്നെ വിളിച്ചില്ലെന്നും മേജര്‍ രവി കുറ്റപ്പെടുത്തിയിരുന്നു.

മേജര്‍ രവി ഇന്ന് ഐശ്വര്യ കേരള യാത്രയുടെ വേദിയിലെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര തൃപ്പുണിത്തുറയില്‍ എത്തിയപ്പോള്‍ ആണ് മേജര്‍ രവിയും വേദിയില്‍ എത്തിയത്. ചെന്നിത്തലയും എറണാകുളം എംപി ഹൈബി ഈഡനും ചേര്‍ന്ന് അദ്ദേഹത്തെ സ്വാഗതം ചെയ്തു. മേജര്‍ രവി സ്വീകരണ യോഗത്തില്‍ പങ്കെടുക്കുമെന്ന സൂചന ഇന്നു രാവിലെ പ്രതിപക്ഷ നേതാവ് നല്‍കിയിരുന്നു. പാര്‍ട്ടി മെമ്പര്‍ഷിപ്പ് നല്‍കി അദേഹത്തെ സ്വീകരിക്കുമെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

നേരത്തെ മേജര്‍ രവി കോണ്‍ഗ്രസ് നേതാക്കളെ സന്ദര്‍ശിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പ്രതിപക്ഷ നേതാവിനും കെപിസിസി അധ്യക്ഷനും ഒപ്പമുള്ള ചിത്രങ്ങളാണ് പുറത്തെത്തിയത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബിജെപിയുമായി ബന്ധപ്പെട്ടാണ് മേജര്‍ രവി പ്രവര്‍ത്തിച്ചിരുന്നത്. ബിജെപിയുമായുള്ള ബന്ധം മേജര്‍ രവി ഉപേക്ഷിച്ചേക്കുമെന്നുമാണ് വിവരം.