അച്ഛന്റെ പുറത്തേറി ചക്കിയും കാളിദാസും; ഫാദേഴ്‌സ് ഡേ സ്പെഷ്യല്‍ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

പ്രേക്ഷകരുടെ ഇഷ്‌ട താരദമ്ബതികളാണ് ജയറാമും പാര്‍വ്വതിയും. ഇരുവരുടെയും മക്കളും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. അച്ഛനമ്മമാരുടെ വഴിയെ കാളിദാസ് സിനിമയിലേക്ക് എത്തിയെങ്കിലും ചക്കി എന്ന് വിളിക്കുന്ന മാളവിക ഇതുവരെ ആ പാത തിരഞ്ഞെടുത്തിട്ടില്ല. എന്നാലും വലിയൊരു ആരാധകവൃന്ദം തന്നെ മാളവികയ്ക്കുമുണ്ട്.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ മാളവികയുടെ ചിത്രങ്ങള്‍ പലപ്പോഴും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ ഫാദേഴ്‌സ് ഡേയോട് അനുബന്ധിച്ചു മാളവിക പങ്കുവച്ച ഒരു ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മക്കളെ രണ്ടുപേരെയും പുറത്തേറ്റി ജയറാം ‘ആന കളിക്കുന്ന’തിന്റെ ചിത്രമാണ് മാളവിക പോസ്റ്റ് ചെയ്തിരിക്കുന്നത്. ജയറാമിന്റെ പുറത്ത് മുന്നിലായി മാളവികയും പിന്നിലായി ഒരു വടിയും പിടിച്ച്‌ കാളിദാസും ഇരിക്കുന്നത് കാണാം. കുഞ്ഞു ചക്കി അല്പം പേടിയോടെയും കാളിദാസ് ചിരിച്ചു സന്തോഷവാനായുമാണ് ചിത്രത്തില്‍.

അടുത്തിടെ മാളവികയും അഭിനയ രംഗത്തേക്ക് എത്തിയിരുന്നു. ഒരു മ്യൂസിക് വീഡിയോയിലാണ് മാളവിക ഒരു വേഷം ചെയ്തത്. എന്‍ജോയ് എന്‍ജാമി എന്ന ഹിറ്റ് മ്യൂസിക് വീഡിയോ സംവിധാനം ചെയ്ത “മായം സെയ്തായ് പൂവേ,” എന്ന മ്യൂസിക് വീഡിയോയിലാണ് അശോക് ശെല്‍വനൊപ്പം മാളവിക സ്ക്രീനിലെത്തിയത്. ഉടനെ തന്നെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുമെന്ന സൂചനകള്‍ മാളവിക അടുത്തിടെ നല്‍കിയിരുന്നു. പോണ്ടിച്ചേരിയിലെ ആദിശക്തി തിയറ്റര്‍ നടത്തിയ അഭിനയക്കളരിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ അടുത്തിടെ മാളവിക പങ്കുവച്ചിരുന്നു.