മലയാളത്തിലെ താരസുന്ദരിമാർ ഒറ്റ ഫ്രെയ്മിൽ

മലയാളത്തിലെ ജനപ്രിയ നായികമാരില്‍ ഒരാളാണ് നടി ലിസി. എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ ആദ്യകാലത്തും മലയാളം, തമിഴ് സിനിമകളില്‍ സജീവമായിരുന്ന ലിസിക്ക് നിരവധി ആരാധകരാണ് ഉള്ളത്. മോഹന്‍ലാലിനൊപ്പമുള്ള ലിസിയുടെ പലസിനിമകളും വമ്പൻ വിജയമായിരുന്നു. താരസുന്ദരിമാരെല്ലാം ഒന്നിച്ചു ചേർന്ന ഒരു രാത്രിയുടെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്ര​ദ്ധ നേടുന്നത്. നടി ലിസി താരങ്ങൾക്കായി പാർട്ടി ഒരുക്കിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.

മനോഹരമായ ഒരു രാത്രിയുടെ ബാക്കിയാണ് ഈ ചിത്രങ്ങൾ. ലിസിയുടെ വീട്ടിൽ വച്ചു നടത്തിയ പാർട്ടിയിൽ കീർത്തി സുരേഷ്, പാർവതി, റീമ കല്ലിങ്കൽ, അതിഥി ബാലൻ, കല്യാണി പ്രിയ ദർശൻ, അന്ന ബെൻ, പ്രയാ​ഗ മാർട്ടിൻ, എന്നിവരാണ് പങ്കെടുത്തത്. മനോഹരമായ മനുഷ്യർക്കൊപ്പം മനോഹരമായ രാത്രി എന്ന അടിക്കുറിപ്പിലാണ് കീർത്തി ചിത്രങ്ങൾ പങ്കുവച്ചത്. പ്രമുഖ തമിഴ് സിനിമാതാരം രാധിക ശരത്കുമാറും യുവനായികമാര്‍ക്കൊപ്പം പങ്കുചേർന്നു.

എല്ലാവര്‍ഷവും നടക്കാറുള്ള എണ്‍പതുകളിലെ ദക്ഷിണേന്ത്യന്‍ സിനിമ താരങ്ങളുടെ സംഗമത്തിന്‍റെ പുതിയ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് മലയാളത്തിലെ യുവനായികമാരുടെ ഒത്തുചേരലിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നത്. ഒത്തുചേരലിന്‍റെ ചിത്രങ്ങള്‍ നായികമാരെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.