സാമ്പത്തിക തട്ടിപ്പ്: പ്രവാസി മലയാളി ഫെഡറേഷന്‍ സ്ഥാനത്തുനിന്ന് മോന്‍സണ്‍ മാവുങ്കലിനെ നീക്കി

സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെതിരെ നടപടിയുമായി മലയാളി ഫെഡറേഷന്‍. മോന്‍സണ്‍ മാവുങ്കലിനെ പ്രവാസി മലയാളി ഫെഡറേഷന്‍ സ്ഥാനത്തുനിന്ന് നീക്കി. പുരാവസ്തു തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടതായുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. അതേസമയം കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ എറണാകുളം എസിജെഎം കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

ഇതേ കോടതിയില്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡി അപേക്ഷയും നല്‍കിയിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ ഇന്നലെയാണ് മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നു വരുന്നത്. പുരാവസ്തു വില്‍പ്പനക്കാരനെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് മോന്‍സണ്‍ പണം തട്ടിയതെന്ന് പാലാ സ്വദേശിയായ പരാതിക്കാരന്‍ രാജീവ് ശ്രീധര്‍ ചൂണ്ടിക്കാട്ടുന്നു. ബ്രൂണെ സുല്‍ത്താന്‍ 67,000 കോടി രൂപ നല്‍കാനുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചതായും രാജീവ് ശ്രീധര്‍ പരാതിയില്‍ വ്യക്തമാക്കി.

ടിപ്പുവിന്റെ സിംഹാസനം, ബൈബിളിലെ മോശയുടെ അംശവടി, യേശുവിനെ ഒറ്റ് കൊടുത്തപ്പോള്‍ കിട്ടിയ 30 വെള്ളിക്കാശില്‍ ഒന്ന് തുടങ്ങി പുരാവസ്തുക്കളുടെ അമൂല്യ ശേഖരം തന്റെ പക്കലുണ്ടെന്ന് വിശ്വസിപ്പിച്ചാണ് മോന്‍സണ്‍ തട്ടിപ്പ് നടത്തിയിരുന്നത്. പലരില്‍ നിന്നായി കോടിക്കണക്കിന് രൂപയാണ് ഇയാള്‍ തട്ടിയത്. പണം നഷ്ടപ്പെട്ടവരില്‍ ചിലരുടെ പരാതിയെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോഴാണ് മോണ്‍സണ്‍ വില്‍പ്പനയ്ക്ക് വച്ച പുരാവസ്തുക്കളില്‍ പലതും ആശാരി നിര്‍മിച്ചതാണെന്ന് കണ്ടെത്തിയത്. മോന്‍സണെതിരെ തെളിവുകള്‍ ശേഖരിച്ച ക്രൈംബ്രാഞ്ച് സംഘം ചേര്‍ത്തലയിലെ വീട്ടില്‍ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.