കാത് തുളയ്ക്കുന്ന ശബ്ദമാണ് ചുറ്റിനും, എത്രനാൾ ബങ്കറിൽ കഴിയണമെന്ന് അറിയില്ല, ഭക്ഷണവും വെള്ളവും തീർന്നാൽ ആകെ ബുദ്ധിമുട്ടാവും, മലയാളി യുവാവ്

മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാർ ഇസ്രായേലിൽ പലയിടത്തായി കുടുങ്ങിക്കിടക്കുകയാണ്. ഓരോ നിമിഷവും ആശങ്ക നിറഞ്ഞ വാർത്തയാണ് പുറത്തു വരുന്നത്. ഇപ്പോഴിതാ ഇസ്രായേലിൽ കുടുങ്ങിക്കിടക്കുന്ന കണ്ണൂര്‍ സ്വദേശിയാണ് തന്റെ അവസ്ഥ പങ്കുവെച്ചിരിക്കുന്നത്. ഇസ്രായേലിലെത്തിയിട്ട് അഞ്ച് വര്‍ഷം കഴിയുന്നു, ഇതുപോലൊരു സാഹചര്യം ആദ്യമായിട്ടാണ് നേരിടുന്നത്. അതിര്‍ത്തിയില്‍ നിന്ന് നാല് കിലോമീറ്റര്‍ മാത്രം ദൂരെയാണ് ഞാന്‍ താമസിക്കുന്നത്. പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശമുള്ളതിനാല്‍ ബങ്കറിനുള്ളിലാണ് കഴിയുന്നതെന്ന് കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠാപുരം മടമ്പം സ്വദേശി പ്രമോദ് മാത്യു പറയുന്നു.

സ്ഥിതിഗതികള്‍ ഉടന്‍ ശാന്തമായില്ലെങ്കില്‍ ഭക്ഷണത്തിനും വെള്ളത്തിനും ബുദ്ധിമുട്ടാവും’ ഹമാസ് ആക്രമണം ആവര്‍ത്തിക്കുന്നതിനിടെ പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ജനതയുള്ളത്. നിലവില്‍ താന്‍ സുരക്ഷിതനാണെങ്കിലും പൊതുസാഹചര്യം അത്തരത്തിലല്ലെന്ന് പ്രമോദ് പറയുന്നു.
ഇസ്രായേല്‍-ഗാസ അതിര്‍ത്തിയില്‍ നിന്ന് നാല് കിലോമീറ്റര്‍ മാത്രം അകലെയുള്ള അഷ്‌കലോണിലെ ഓള്‍ഡ് ഏജ് ഹോമിലാണ് പ്രമോദ് കെയര്‍ ടേക്കറായി ജോലിചെയ്യുന്നത്.

അദ്ദേഹത്തിനൊപ്പം പേഷ്യന്റ് മാത്രമാണുള്ളത്. യുദ്ധസാഹചര്യത്തില്‍ ബങ്കറിലാണ് ഇവർ കഴിയുന്നത്. നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല. ഭക്ഷണത്തിനോ വെള്ളത്തിനോ മരുന്നിനോ ബുദ്ധിമുട്ടുണ്ടെങ്കില്‍ മറ്റെവിടേക്കെങ്കിലും മാറിപ്പോകേണ്ടിവരുമെന്നും പ്രമോദ് പറയുന്നു. കൂടെ ജോലി ചെയ്യുന്ന മറ്റു മലയാളികൾ സുരക്ഷിതരാണ് എന്ന വിവരവും അദ്ദേഹം പങ്കുവെച്ചു.

ശനിയാഴ്ച രാവിലെ മുതലാണ് പ്രശ്നങ്ങൾ തുടങ്ങിയത്. വ്യോമാക്രമണ സൈറണുകളുടെ ശബ്ദം കേട്ടാണ് എഴുന്നേറ്റത്. തൊട്ടുപിന്നാലെ ബോംബിങ്ങും ഉണ്ടായി. പിന്നാലെ കേട്ടത് യുദ്ധം തുടങ്ങിയെന്ന വാർത്തയും. രാവിലെ ആറരയോടെ തുടങ്ങിയ ബോംബിങ് തുടര്‍ച്ചയായ മൂന്നുനാല് മണിക്കൂറുകളോളം നീണ്ടുപോയിരുന്നു. അഞ്ചുവര്‍ഷമായി ഇസ്രായേലില്‍ വന്നിട്ട്. ഇതുപോലൊരു ഭയാനകമായ സാഹചര്യം ആദ്യമായിട്ടാണെന്ന് അദ്ദേഹം പറഞ്ഞു.

ആക്രമണം തുടങ്ങിയപ്പോഴേക്കും ബങ്കറിലേക്ക് മാറിയിരുന്നു. പിന്നീട് മിലിട്ടറി വന്ന് ഒരുകാരണവശാലും ബങ്കറില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഇന്നലെ മുതല്‍ മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഉണ്ടായിരുന്നില്ല. വൈഫൈയിലാണ് കുടുംബത്തേയും കൂട്ടുകാരേയും ബന്ധപ്പെടുന്നത്. ഇത് എപ്പോള്‍ കട്ട് ആവുമെന്ന് അറിയില്ല. ഇസ്രായേല്‍ സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാനാണ് ഇന്ത്യന്‍ എംബസിയുടെ ഭാഗത്തുനിന്ന് ലഭിച്ച വിവരമെന്നും പ്രമോദ് പറയുന്നു.