50 ദിവസം പൂർത്തിയാക്കി മാളികപ്പുറം, പാവപ്പെട്ട 50 കുട്ടികൾക്ക് ചികിത്സ സഹായം

ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാളികപ്പുറം സിനിമയുടെ അൻപതാം ദിനാഘോഷത്തിന്റെ ഭാഗമായി നിർദ്ധന കുടുംബങ്ങളിലെ അൻപത് കുഞ്ഞുങ്ങൾക്ക് മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള സഹായം നൽകുമെന്ന് മാളികപ്പുറം ടീം. കേരളത്തിലെ ആസ്റ്റർ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് നിർമ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു . 30 ലക്ഷം മുതൽ 50 ലക്ഷം വരെയാണ് ബോൺമാരോ ട്രാൻസ്പ്ലാന്റിന് ഒരു വ്യക്തിക്ക് ചെലവ് വരുന്നത്

‘മാളികപ്പുറം’ സിനിമയുടെ ലാഭവിഹിതത്തിന്റെ ഭാഗമായി നൽകുന്ന സാമ്പത്തിക സഹായവും, മിംസ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും ഡി എം ഹെൽത്ത് കെയറിന്റെയും സാമൂഹിക പ്രതിബദ്ധത നിലനിർത്തുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ചിത്രം അടുത്തിടെ ആഗോളതലത്തിൽ 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. പുണ്യം’ എന്ന് നാമകരണം ചെയ്ത ഈ പദ്ധതിയുടെ ഭാഗമായി ബോൺമാരോ ട്രാൻസ്പ്ലാന്റിന് പുറമെ റേഡിയേഷൻ തെറാപ്പിക്ക് 50% ഇളവ്, റോബോട്ടിക് സർജറി, ഓർത്തോ ഓങ്കോ സർജറി ഉൾപ്പെടെയുള്ള ഓങ്കോ സർജറികൾക്കും കീമോതെറാപ്പിക്കും പ്രത്യേക ഇളവുകൾ, 60 വയസിനു മുകളിൽ പ്രായമായവർക്ക് തടസ്സങ്ങളേതുമില്ലാതെ ചികിത്സ ലഭ്യമാക്കുന്നതിനായി പ്രത്യേക ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള മുൻഗണനാ കാർഡ് തുടങ്ങിയ നേട്ടങ്ങളും ലഭ്യമാകും