കാത്തിരിപ്പിന് വിരാമം, മാളികപ്പുറം ഒടിടിയിലേക്ക്

ഉണ്ണിമുകുന്ദൻ നായകനായെത്തിയ മാളികപ്പുറം ഇപ്പോഴും തീയറ്ററിൽ നിറഞ്ഞ പ്രദർശനം നേടി മുന്നേറുകയാണ്. ചിത്രം 100 കോടി ക്ലബ്ബിലും ഇടം നേടി. ഇപ്പോഴിതാ മാളികപ്പുറം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. എന്നാൽ ഉടൻ എത്തും എന്ന അറിയിപ്പല്ലാതെ കൃത്യം റിലീസ് തീയതി പ്ലാറ്റ്ഫോം അറിയിച്ചിട്ടില്ല. ഒരു ചെറു ടീസർ പുറത്തുവിട്ടുകൊണ്ടാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൻറെ പ്രഖ്യാപനം.

ഡിസംബർ 30 ന് കേരളത്തിലെ 145 സ്ക്രീനുകളിലെ റിലീസോടെ പ്രദർശനം ആരംഭിച്ച ചിത്രം പിന്നാലെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശ മാർക്കറ്റുകളിലേക്കും എത്തുകയായിരുന്നു. മലയാളത്തിൽ സമീപകാലത്ത് ഏറ്റവുമധികം പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രവുമാണിത്. ഫലം കേരളത്തിൽ 145 സ്ക്രീനുകളിൽ റിലീസ് ചെയ്യപ്പെട്ട ചിത്രം നാലാം വാരത്തിലേക്ക് കടന്ന സമയത്ത് പ്രദർശനം 233 സ്ക്രീനുകളിലേക്ക് വർധിപ്പിച്ചതായി അണിയറക്കാർ അറിയിച്ചിരുന്നു.