ഇടതുപക്ഷം ഇൻഡി മുന്നണിയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു, യോജിക്കാൻ കഴിയില്ലെന്ന് മമത ബാനർജി

കൊൽക്കത്ത : ഇൻഡി മുന്നണിയെ നിയന്ത്രിക്കാൻ ഇടതുപക്ഷം ശ്രമിക്കുകയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജി. ഒരിക്കലും അവരെ അംഗീകരിക്കില്ലെന്നും മമത ബാനർജി വ്യക്തമാക്കി. കൊൽക്കത്തയിൽ നടന്ന സർവ വിശ്വ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത.

ഇന്ത്യാ സഖ്യത്തിന്റെ അജണ്ട നിയന്ത്രിക്കാൻ ഇടതുപക്ഷം ശ്രമിക്കുകയാണ്, ബിജെപിയെ തങ്ങൾ നേരിടുന്നതുപോലെ ആരും നേരിട്ട് നേരിടുന്നില്ലെന്ന് മമത പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ വച്ച് താനാണ് ‘ ഇന്ത്യ സഖ്യം’ എന്ന പേര് നിർദ്ദേശിച്ചത്, എന്നാൽ എപ്പോഴെല്ലാം യോഗം ചേരുമ്പോഴും ഇടതുപക്ഷം അതിനെ തങ്ങളുടേതായ രീതിയിൽ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്ന് അവർ ആരോപിച്ചു.

അർഹമായ പ്രാധാന്യം നൽകിയില്ലെങ്കിൽ ബംഗാളിലെ 42 സീറ്റുകളിലും സ്വതന്ത്രമായി മത്സരിക്കുമെന്ന് കഴിഞ്ഞ തൃണമൂൽ കോൺഗ്രസ് അറിയിച്ചിരുന്നു. ഈ നിലപാട് ഉറച്ചതാണെന്നും, സീറ്റ് വിഭജനത്തിൽ കൃത്യമായ കാഴ്ചപ്പാട് ഉണ്ടെന്നും മമത പറയുന്നു. വർഷമായി താൻ ഏറ്റുമുട്ടിയവരുമായി ഉടമ്പടിയുമായി മുന്നോട്ട് പോകാൻ സാധിക്കാത്ത സ്ഥിതിയാണുള്ളതെന്ന് മമത ബാനർജി പറഞ്ഞു. എന്നാൽ എല്ലാ അധിക്ഷേപങ്ങളെയും മറന്ന് താൻ യോഗങ്ങളിൽ പങ്കെടുക്കാൻ ശ്രമിക്കാറുണ്ടെന്നും മമത വ്യക്തമാക്കി.