ബംഗാളില്‍ ഇനി കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ മോദിയ്ക്ക് പകരം മമതയുടെ ചിത്രം

കോവിഡ് വാക്‍സിന്‍ പണം കൊടുത്ത് വാങ്ങുന്നത് സംസ്ഥാനം, പിന്നെന്തിന് സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ വെക്കണം. ഛത്തീസ്‍ഗഢിന് പിന്നാലെ കോവിഡ്​വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍നിന്ന്​ പ്രധാനമന്ത്രി ​നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കിയിരിക്കുകയാണ് പശ്ചിമബംഗാളും. ഇനി മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ചിത്രം പതിച്ച സര്‍ട്ടിഫിക്കറ്റായിരിക്കും വിതരണം ചെയ്യുക.

പണം നല്‍കി സംസ്ഥാനം തന്നെ വാക്സിന്‍ വാങ്ങുന്നതിനാലാണ് ​മോദിയുടെ ചിത്രം ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നാണ്​ ബംഗാളും പറയുന്നത്. മൂന്നാം ഘട്ടത്തില്‍ വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്കാണ്​ മമതയുടെ ചിത്രം പതിച്ച സര്‍ട്ടിഫിക്കറ്റ് ​നല്‍കുക. ഈ ഘട്ടത്തില്‍ വാക്‍സിന്‍ നല്‍കുന്നത്​ 18നും 44നും ഇടയില്‍ പ്രായമുള്ളവര്‍ക്കായിരിക്കും.

നേരത്തെ ഛത്തീസ്‍ഗഢ് സര്‍ക്കാരും കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ച 18 വയസ്സിനും 44 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പ്രധാനമന്ത്രിയുടെ ചിത്രത്തിന് പകരം മുഖ്യമന്ത്രിയുടെ ചിത്രമുള്ള വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. മുഖ്യമന്ത്രി ഭൂപേഷ് ബാഘേഷിന്റെ ചിത്രമാണ് വാക്‍സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോയ്ക്ക് പകരം നല്‍കിയത്. കേന്ദ്രത്തില്‍ നിന്ന് വാക്സിന്‍ ലഭിക്കുന്നവര്‍ക്ക് പ്രധാനമന്ത്രിയുടെ ഫോട്ടോയുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നു. അപ്പോള്‍ പിന്നെ സംസ്ഥാനം വാങ്ങി വിതരണം ചെയ്യുന്ന വാക്സിന്‍ നല്‍കുന്നവര്‍ക്ക് എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ ഫോട്ടോയുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കണമെന്നുമായിരുന്നു അന്ന് ഭൂപേഷ് ബാഘേഷിന്റെ വിശദീകരണം.

ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ്​ സമയത്ത്​ മോദിയുടെ ചിത്രം പതിച്ച വാക്​സിന്‍ സര്‍ട്ടിഫിക്കറ്റ്​ നല്‍കുന്നതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്​ തെരഞ്ഞെടുപ്പ്​ കമീഷനെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പ്​ പെരുമാറ്റച്ചട്ടം ലംഘിക്കുന്നുവെന്നായിരുന്നു പരാതി.