മമ്മൂക്കയ്ക്ക് മാത്രമേ ഇദ്ദേഹത്തെ സ്മരിക്കാന്‍ കഴിഞ്ഞുള്ളൂ, അഗസ്റ്റിനെ ഓര്‍ത്ത് മമ്മൂട്ടി

മലയാളികളുടെ പ്രിയപ്പെട്ട നടനായിരുന്നു അഗസ്റ്റിന്‍.തനതായ ശൈലിയില്‍ നിരവധി കഥാപാത്രങ്ങള്‍ അദ്ദേഹം മലയാള സിനിമയ്ക്ക് നല്‍കിയിട്ടുണ്ട്.2013 നവംബര്‍ 14നായിരുന്നു അഗസ്റ്റിന്‍ ലോകത്തോട് വിടപറഞ്ഞത്.ഇന്നലെ അഗസ്റ്റിന്റെ ഏഴാം ചരമ വാര്‍ഷികമായിരുന്നു. ചരമ വാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തെ ഓര്‍ക്കുകയാണ് മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടി. അഗസ്റ്റിന്റെ ചിത്രത്തിനൊപ്പം ഓര്‍മപൂക്കള്‍ എന്ന കുറിപ്പോടെയാണ് മമ്മൂട്ടി അദ്ദേഹത്തിനെ ഓര്‍ത്തത്.

അഗസ്റ്റിന്റെ ഓര്‍മകള്‍ക്ക് മുമ്പില്‍ മമ്മൂട്ടി ഓര്‍മപൂക്കള്‍ അര്‍പ്പിച്ചതോടെ നടന് പ്രണാമം അര്‍പ്പിച്ച് നിരവധി പേര്‍ കമന്റ് ചെയ്തു.’ഒരു മമ്മൂക്കയ്ക്ക് മാത്രമേ ഇദ്ദേഹത്തെ സ്മരിക്കാന്‍ കഴിഞ്ഞുള്ളൂ…പ്രണാമം’ എന്നായിരുന്നു ഒരാളുടെ കമന്റ്.ഇതിന് ഒരാള്‍ നല്‍കിയ മറുപടി, ഇവര്‍ക്ക് ഒരു സംഘടന ഇല്ലേയെന്നും മണ്‍മറഞ്ഞ കലാകാരന്മാരെ സ്മരിക്കുക അവരുടെ കുടുംബ വിശേഷങ്ങള്‍ അന്വേഷിക്കുക തുടങ്ങിയ ഉത്തരവാദിത്തം ആ സംഘടനയ്ക്ക് ഇല്ലേയെന്നും ആയിരുന്നു.

നാടക രംഗത്ത് നിന്നുമായിരുന്നു അഗസ്റ്റിന്‍ സിനിമ രംഗത്ത് എത്തുന്നത്. അവസാനമായി അദ്ദേഹം അഭിനയിച്ചത് ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടര്‍ എന്ന ചിത്രത്തിലായിരുന്നു. ദേവാസുരം, സദയം, ആറാം തമ്ബുരാന്‍, ചന്ദ്രലേഖ, ഇന്ത്യന്‍ റുപ്പി എന്നിവ അഗസ്റ്റിന്‍ അഭിനയിച്ച ചില ശ്രദ്ധേയമായ സിനിമകളാണ്. പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെ കാലം ചികിത്സയില്‍ ആയിരുന്നു അഗസ്റ്റിന്‍. കരള്‍ രോഗം മൂലം 2013 നവംബര്‍ 14ന് മരണത്തിന് കീഴടങ്ങുക ആയിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. മക്കളില്‍ ഒരാളായ ആന്‍ അഗസ്റ്റിന്‍ മലയാളസിനിമയില്‍ നടി എന്ന നിലയില്‍ ശ്രദ്ധേയ ആയിരുന്നു. സിനിമാറ്റോഗ്രഫര്‍ ജോമോന്‍ ടി ജോണുമായുള്ള വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ആന്‍ അഗസ്റ്റിന്‍.