വാക്കുപിഴ സംഭവിച്ചാൽ കുടുക്കരുത്, സ്പീക്കറാണെങ്കിൽ രേഖയിൽ നിന്ന് നീക്കിയാൽ മതി- മമ്മൂട്ടി

എഴുതിത്തയ്യാറാക്കിയ പ്രസംഗമില്ലെന്നും എന്തെങ്കിലും വാക്കുപിഴ സംഭവിച്ചാൽ നമ്മളെ കുടുക്കരുതെന്നും നേരത്തേ തന്നെ മാപ്പ് പറയുന്നുവെന്നും പറഞ്ഞ് ‘കേരളീയ’ത്തിൽ സംസാരിച്ച് മമ്മൂട്ടി. തന്റെ അടുത്തിരുന്നയാൾ സ്പീക്കറാണെന്നും അദ്ദേഹത്തിന് പിഴച്ചാൽ രേഖങ്ങളിൽ നിന്ന് നീക്കം ചെയ്താൽ മതിയെന്നും എന്നാൽ നമുക്ക് പിഴച്ചാൽ പിഴച്ചത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളീയം കേരള ചരിത്രത്തിലെ മഹാസംഭവമായിത്തീരട്ടെയെന്നും നാം ലോകത്തിന് തന്നെ മാതൃകയാകണമെന്നും പറഞ്ഞു. രാഷ്ട്രീയം, മതം, ജാതി, ചിന്ത എന്നിവയൊക്കെ വേറിട്ടതാണെങ്കിലും നമുക്ക് എല്ലാവർക്കുമുണ്ടാകുന്ന വികാരം കേരളീയരാണെന്നും മലയാളികളാണെന്നതുമാണെന്നും മമ്മൂട്ടി പറഞ്ഞു. ഞങ്ങളെ നോക്കിപ്പഠിക്കൂവെന്നും നമ്മൾ ഒന്നാണെന്നും ലോകത്തോട് നാം പറയണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. നമ്മൾ ഒന്നായി സ്വപ്‌നം കണ്ടതാണ് ഇന്നത്തെ കേരളമെന്നും പറഞ്ഞു. ലോകം ആദരിക്കുന്ന ജനതയായി കേരളം മാറട്ടെയെന്ന് ആശംസിക്കുന്നുവെന്നും നടൻ പറഞ്ഞു.

കേരളത്തിന്റെ പുരോഗതിയും സാംസ്‌കാരിക പാരമ്പര്യവും അവതരിപ്പിക്കുന്ന കേരളീയം മേളയുടെ ഉദ്ഘാടന ചടങ്ങിൽ മമ്മൂട്ടിക്ക് പുറമേ, മോഹൻ ലാൽ, കമൽഹാസൻ, ശോഭന തുടങ്ങിയവരും പങ്കെടുത്തു. നടി ശോഭനയും കേരളീയം ചടങ്ങിൽ സംസാരിച്ചു. മണിച്ചിത്രത്താഴ് കഴിഞ്ഞ് നിങ്ങളെല്ലാവരും തമിഴത്തി എന്ന് വിളിക്കുന്ന തന്റെ നാടും തിരുവനന്തപുരമാണെന്നും ചടങ്ങിൽ ക്ഷണിച്ചതിന് നന്ദിയുണ്ടെന്നും നടി പറഞ്ഞു.

ഏഴ് ദിവസങ്ങളിലായി തെരുവു വേദികൾ അടക്കം 44 ഇടങ്ങളിൽ ആണ് കേരളീയം നടക്കുന്നത്. കല-സാംസ്‌കാരിക പരിപാടികൾ, ഭക്ഷ്യ മേളകൾ, സെമിനാറുകൾ, പ്രദർശനങ്ങൾ തുടങ്ങി ഒട്ടനവധി വിരുന്നുകളാണ് കേരളീയത്തിൽ സർക്കാർ ഒരുക്കിയിരിക്കുന്നത്. കേരളീയത്തിനൊപ്പം സമാന്തരമായി നിയമസഭാ പുസ്തകോത്സവത്തിനും ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി തന്നെയാണ് പുസ്തകോത്സവത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുക. സമഗ്ര സംഭാവനയ്ക്കുള്ള ‘നിയമസഭാ അവാർഡ്’ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി വാസുദേവൻ നായർക്ക് മുഖ്യമന്ത്രി സമ്മാനിക്കും.