മാമുക്കോയയുടെ സംസ്‌കാരം ഇന്ന് , കോഴിക്കോട് ഖബര്‍സ്ഥാനില്‍ അന്ത്യവിശ്രമം

കോഴിക്കോട്: അന്തരിച്ച നടൻ മാമുക്കോയയുടെ കബറടക്കം ഇന്ന് കോഴിക്കോട് കണ്ണൻപറമ്പ് ഖബർസ്ഥാനിൽ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടക്കുക. ഒന്‍പത് മണിവരെ വീട്ടില്‍ പൊതുദര്‍ശനമുണ്ടാകും. അതിന് ശേഷം അരക്കിണര്‍ മുജാഹിദ് പള്ളിയിലും തുടര്‍ന്ന് കണ്ണമ്പറമ്പ് പള്ളിയിലും മയ്യത്ത് നമസ്‌കാരം. തുടര്‍ന്ന് കണ്ണമ്പറമ്പ് കബറിസ്താനില്‍ ഔദ്യോഗിക ബഹുമതികളോടെ കബറടക്കും

കോഴിക്കോട് ടൗൺ ഹാളിൽ ആറര മണിക്കൂർ നീണ്ട പൊതുദർശനത്തിനൊടുവിലാണ് രാത്രി 10.05 ഓട് കൂടി മൃതദേഹം ബേപ്പൂർ അരക്കിണറിലുള്ള മാമുക്കോയയുടെ വസതിയിലെത്തിച്ചത്. മലയാള സിനിമയിലെ തങ്ങളുടെ പ്രിയപ്പെട്ട മാമുക്കോയയെ അവസാനമായി ഒരു നോക്ക് കാണാൻ വൻ താരനിര തന്നെ അവിടെയെത്തി.

തിങ്കളാഴ്ച രാത്രി മലപ്പുറം കാളികാവ് പൂങ്ങോട് ഫുട്ബോള്‍ മത്സരത്തിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയായിരുന്നു.