പാലായില്‍ പട്ടാപ്പകല്‍ നഗരമധ്യത്തില്‍ അമ്മയ്‌ക്കൊപ്പം നടക്കവെ പത്ത് വയസ്സുകാരിക്ക് നേരെ പീഡന ശ്രമം, മധ്യവയസ്‌കന്‍ പിടിയില്‍

കോട്ടയം: പാലാ നഗരത്തില്‍ പട്ടാപ്പകല്‍ പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം. അമ്മയ്ക്കും ബന്ധുവിനും ഒപ്പം വഴിയിലൂടെ നടന്നു പോയ പത്ത് വയസ്സുകാരിയെ മധ്യവയസ്‌കന്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ പാലാ അന്തീനാട് ഇളംതോട്ടം സ്വദേശി വരിക്കമാക്കല്‍ വീട്ടില്‍ ദേവസ്യ മകന്‍ ആന്റണി ദേവസ്യയെ(60) പോലീസ് പിടികൂടി.

ഇന്നലെ ഉച്ചയോടെയാണ് സംഭവം ഉണ്ടാകുന്നത്. ബസ് ഇറങ്ങി ജനറല്‍ ആശുപത്രേയിലേക്ക് അമ്മയുടെ കൈ പിടിച്ച് പോവുകയായിരുന്നു പെണ്‍കുട്ടി. ബന്ധുവായ ഒരു സ്ത്രീയും ഇവര്‍ക്ക് ഒപ്പം ഉണ്ടായിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടി അതിക്രമം നേരിടേണ്ടി വന്നത്.

അമ്മയ്ക്കും ബന്ധുവിനും ഒപ്പം നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ 60 വയസ്സുകാരന്‍ ആന്റണി ദേവസ്യ കടന്ന് പിടിച്ച് ആക്രമിക്കുകയായിരുന്നു. അല്പനേരം ഇവര്‍ക്കൊപ്പം നടന്നശേഷം ആയിരുന്നു ആക്രമണം ഉണ്ടായത്. കുട്ടിയെ ഉപദ്രവിക്കുന്നതു കണ്ട അമ്മയും ബന്ധുവും ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടി കൂടുകയായിരുന്നു. പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഇയാളെ തടഞ്ഞു നിര്‍ത്തി നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് സംഘം എത്തിയതോടെ ഇയാളെ നാട്ടുകാര്‍ തന്നെ പൊലീസിന് കൈമാറുകയായിരുന്നു.