വീട്ടില്‍ക്കയറി യുവതിയുടെ മുഖത്ത് കടിച്ചു, വസ്ത്രം വലിച്ചുകീറി, പ്രതി അറസ്റ്റിൽ

മുക്കം : കോഴിക്കോട് പൂളപ്പൊയിലില്‍ യുവാവ് വീട്ടില്‍ക്കയറി യുവതിയുടെ മുഖത്ത് കടിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തു. സംഭവത്തിൽ പ്രതിയെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടി. മണാശ്ശേരി തൂങ്ങാംപുറം സ്വദേശി വടക്കേക്കര ലുബിനാണ് (34) പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം നടന്നത്.

പ്രതി യുവതിയുടെ വീട്ടിൽ എത്തി കോളിങ്‌ബെല്‍ അടിച്ചു. വാതില്‍ തുറന്ന യുവതിയെ പ്രതി ആക്രമിക്കുകയായിരുന്നു. മുഖത്ത് കടിക്കുകയും വസ്ത്രം വലിച്ചുകീറാന്‍ ശ്രമിക്കുകയും ചെയ്തതോടെ യുവതി ബഹളംവെച്ചു. ഇതോടെ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നാലെ തന്നെ യുവതി പോലീസിൽ പരാതിപ്പെട്ടു.

പോലീസ് ശനിയാഴ്ച ഉച്ചയോടെ പ്രതിയെ തൂങ്ങാംപുറം അങ്ങാടിയില്‍വെച്ച് പിടികൂടുകയായിരുന്നു. വധഭീഷണി, മാനഹാനിവരുത്തല്‍, വീടുകയറി ആക്രമിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പ്രതിക്ക് യുവതിയോടുള്ള മുന്‍വൈരാഗ്യമാണ് ആക്രമണത്തിനുപിന്നിലെന്ന് മുക്കം പോലീസ് അറിയിച്ചു. എസ്.ഐ. ടി.ടി. നൗഷാദ്, എ.എസ്.ഐ. അര്‍ഷിദ്, എസ്.സി.പി.ഒ.മാരായ മിനി, സുനില്‍, സി.പി.ഒ. അഭിലാഷ് എന്നിവരാണ് ആക്രമണം നടന്ന് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടിയത്.