വീടിനുള്ളിൽ അഴുകിയ നിലയിൽ മൃതദേഹം, സംഭവം തൃശൂരിൽ

തൃശൂർ : വീടിനുള്ളിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ചാലക്കുടിയിലാണ് സംഭവം. ചാലക്കുടി സ്വദേശി ബാബുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് നി​ഗമനം. ബാബു വീട്ടിൽ ഒറ്റയ്‌ക്കായിരുന്നു താമസം.

ഇദ്ദേഹത്തിന്റെ രണ്ട് മക്കളിൽ ഒരാൾ വിദേശത്തും മറ്റൊരാൾ കോട്ടയത്തുമാണ് താമസിക്കുന്നത്. പോലീസ് സ്ഥലത്തെത്തി ഇൻക്വിസ്റ്റ് നടപടികൾ ആരംഭിച്ചു. ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തിവരികയാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, തൃശ്ശൂരിൽ റോഡ് ക്രോസ് ചെയ്യുന്നതിനിടെ ബൈക്ക് ഇടിച്ച് കന്യാസ്ത്രീയ്ക്ക് ഗുരുതര പരിക്ക്. മുല്ലശ്ശേരി വില്ലമരിയ കോൺവെൻ്റിലെ സിസ്റ്റർ സോണിയ ജോണി (35) യ്ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. മുല്ലശ്ശേരി ഗുഡ് ഷെപ്പേർഡ് സ്കൂളിലെ അധ്യാപികയാണ് സിസ്റ്റർ സോണിയ.

മുല്ലശ്ശേേരിയിൽവെച്ച് സ്കൂളിലേക്ക് പോകാൻ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇവര്‍ ബൈക്ക് ഇടിച്ച് തെറിച്ചുവീണു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. ഗുരുതരമായി പരിക്കേറ്റ സിസ്റ്റർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബൈക്ക് യാത്രികനായ യുവാവിനും പരിക്കുണ്ട്.