പ്രവാസി വീടിനുള്ളിൽ മരിച്ച നിലയില്‍, കഴുത്തറുത്ത നിലയില്‍ മൃതദേഹം

കോട്ടയം: വീടിനുള്ളിൽ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. അടിച്ചിറ റെയില്‍വേ ഗേറ്റിന് സമീപം അടിച്ചിറക്കുന്നേല്‍ വീട്ടില്‍ ലൂക്കോസി (63) നെയാണ് മരിച്ച നിലയില്‍ വെള്ളിയാഴ്ച രാവിലെ കണ്ടെത്തിയത്. രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ കത്തി ഉപയോഗിച്ച് കഴുത്ത് മുറിച്ച് നിലയിലായിരുന്നു മൃതദേഹം.

ഭാര്യയാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ ഗാന്ധിനഗര്‍ പോലീസില്‍ വിവരം നല്‍കി. ഫോറന്‍സിക് വിദഗ്ധര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി വിശദ പരിശോധന ആരംഭിച്ചു. വിദേശത്തായിരുന്ന ലൂക്കോസ് മാസങ്ങള്‍ക്കു മുന്‍പാണ് മടങ്ങിയെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

അതേസമയം, കൊല്ലം: പട്ടത്താനം ജവഹർ നഗറിൽ പിതാവിനെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. ജോസ് പ്രമോദ് (41) , മക്കളായ ദേവനാരായണൻ (9), ദേവനന്ദ(4) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൂവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട് തുറക്കാത്തതിനെത്തുടര്‍ന്ന് ജോസ് പ്രമോദിന്‍റെ പിതാവ് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിെത്തി വാതില്‍ തുറന്നപ്പോഴാണ് മൂന്നുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തി ജോസ് പ്രമോദ് ജീവനൊടുക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

ഇന്നു രാവിലെയാണ് സംഭവം. കുട്ടികളെ രണ്ടു പേരെയും വീടിനുള്ളിലെ സ്റ്റെയർകേസിനോടുചേർന്ന ഭാഗത്തും ജോസിനെ വീട്ടിലെ ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. പൊലീസെത്തി വിവരം ശേഖരിച്ചു വരികയാണ്. കുടുംബപ്രശ്നമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.