സുഹൃത്തിനെ മദ്യലഹരിയിലാക്കി; കാമുകിയായ പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് പിടിയില്‍

പുത്തൂര്‍: സുഹൃത്തിനെ മദ്യലഹരിയിലാക്കിയ ശേഷം സുഹൃത്തിന്റെ കാമുകിയായ പതിനെട്ടുകാരിയെ തെറ്റിദ്ധരിപ്പിച്ചു വീട്ടില്‍ നിന്നു വിളിച്ചിറക്കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. കുളക്കട കൊച്ചുപറമ്ബില്‍ വീട്ടില്‍ റോബിന്‍ സന്തോഷി (24)നെയാണു പുത്തൂര്‍ ഇന്‍സ്പെക്ടര്‍ എസ്‌എച്ച്‌ഒ ജി.സുഭാഷ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. വ്യാഴം രാത്രിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം.

റോബിന്‍, സുഹൃത്തായ യുവാവുമൊത്തു മദ്യപിക്കുകയും യുവാവിനു കൂടുതല്‍ മദ്യം കൊടുത്തു അബോധാവസ്ഥയിലാക്കിയ ശേഷം യുവാവിന്റെ ഫോണില്‍ നിന്നു പെണ്‍കുട്ടിയെ വിളിച്ചു. കാമുകനാണെന്നു തെറ്റിദ്ധരിച്ച്‌ വീടിനു വെളിയിലെത്തിയ പെണ്‍കുട്ടിയെ റോബിന്‍ ഭീഷണിപ്പെടുത്തി സമീപത്തെ ഏലായിലേക്കു കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

രാത്രിയില്‍ പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്നു വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. പെണ്‍കുട്ടി അടുത്ത ദിവസം രാവിലെ തിരികെ വീട്ടിലെത്തിയെങ്കിലും റോബിന്‍ സുഹൃത്തിനെയും കൂട്ടി കടന്നു കളയുകയായിരുന്നു. പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നു സുഹൃത്തിനെ തെറ്റിദ്ധരിപ്പിച്ചാണ് ഇയാളെയും ഒപ്പം കൂട്ടിയത്.

എസ്‌ഐമാരായ ജയേഷ്, ഭാസി, എഎസ്‌ഐമാരായ വിജയരാജന്‍, രാജീവ്, സന്തോഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് പ്രതി.