കടല്‍ക്ഷോഭ സമയത്ത് കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയി; കണ്ണൂരില്‍ യുവാവിനെ ബലം പ്രയോഗിച്ച്‌ കരയ്ക്ക് എത്തിച്ചു

കണ്ണൂര്‍: കടല്‍ക്ഷോഭ സമയത്ത് കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവിനെ ബലമായി കരയില്‍ എത്തിച്ചു. കണ്ണൂര്‍ എടക്കാട് കിഴുന്ന സ്വദേശി കെ.കെ രാജേഷിനെയാണ് അഗ്നി രക്ഷ സേനയും നാട്ടുകാരും രക്ഷിച്ച്‌ കരയ്ക്ക് എത്തിച്ചത്.

ഞായറാഴ്ച രാവിലെ ഏഴു മണിയോടെയാണ് നടകീയ സംഭവങ്ങള്‍. തോട്ടട കിഴുന്ന കടപ്പുറത്ത് നിന്നും 200 മീറ്റര്‍ അകലെയാണ് കടലില്‍ ഉയര്‍ന്ന് നില്‍ക്കുന്ന പാറ. ആ പാറയിലേക്കാണ് രജേഷ് നീന്തി ചെന്നത്. പിന്നീട് അവിടെ ധ്യാനമിരിക്കുകയായിരുന്നു.

കടപ്പുറത്ത് നടക്കാനിറങ്ങിയവര്‍ ഈ കാഴ്ച കണ്ടിരുന്നു. കടല്‍ ക്ഷോഭം മനസിലാക്കിയ ഇവര്‍ രാജേഷ് അപകടത്തിലാണെന്ന് കണ്ട് അഗ്നിരക്ഷ സേനയെ വിവരം അറിയിക്കുകയായിരുന്നു. കണ്ണൂരില്‍ നിന്നും എത്തിയ അഗ്നി രക്ഷ സേന നാട്ടുകാരുടെ സഹായത്തോടെ രാജേഷിനെ കരയ്ക്ക് എത്തിക്കുകയായിരുന്നു.

കരയിലേക്ക് എത്തിക്കാനുള്ള ശ്രമത്തെ രാജേഷ് ബലം പ്രയോഗിച്ച്‌ ചെറുത്തെങ്കിലും നാട്ടുകാരും സേനയും ഇതേ രീതിയില്‍ ബലം പ്രയോഗിച്ച്‌ യുവാവിനെ കരയ്ക്ക് എത്തിച്ചു. രാജേഷ് ഇത്തരം പ്രവര്‍ത്തി മുന്‍പും ചെയ്തിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.