ഭക്ഷ്യസുരക്ഷാ വിഭാഗം റജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു

ഉച്ചഭക്ഷണം നല്‍കുന്ന സ്കൂളുകള്‍ക്കെല്ലാം ഭക്ഷ്യസുരക്ഷാ വിഭാഗം റജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു. മൂന്നു സ്കൂളുകളില്‍ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണു ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. നിലവില്‍ റജിസ്ട്രേഷന്‍ എടുക്കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും നാലിലൊന്ന് സ്കൂളുകള്‍ പോലും പാലിച്ചിട്ടില്ല. കോഴിക്കോട് ജില്ലയിലെ 1230 സ്കൂളുകളില്‍ 30 എണ്ണത്തിനു മാത്രമാണ് റജിസ്ട്രേഷന്‍ ഉള്ളത്. അതിലേറെയും എയ്ഡഡ് സ്കൂളും, സമാനമായ അവസ്ഥയാണു സംസ്ഥാനത്തെല്ലാം.

ഭക്ഷണം വില്‍ക്കുന്നില്ലല്ലോ, പിന്നെയെന്തിനാണ് റജിസ്ട്രേഷന്‍ എന്നാണ് വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരുടേയും അധ്യാപക സംഘടനകളുടേയും ചോദ്യം. ഇതുവരെ ആ ചോദ്യത്തിനു പ്രതികരിക്കാതിരുന്ന ഭക്ഷ്യസുരക്ഷാ വിഭാഗം ഇനി കാര്യങ്ങള്‍ കര്‍ശനമാക്കുകയാണ്. സ്കൂളുകള്‍ക്ക് റജിസ്ട്രേഷന്‍ നേരത്തേ നിര്‍ബന്ധമാക്കിയതാണ്. പക്ഷെ ചുരുക്കം ചിലരേ അനുകൂലമായി പ്രതികരിച്ചുള്ളു. സര്‍ക്കാര്‍ സ്കൂളുകളൊന്നും നിര്‍ദേശം അറിഞ്ഞില്ലെന്ന മട്ടാണ്.

വിദ്യാഭ്യാസവകുപ്പ് തന്നെ റജിസ്ട്രേഷന്‍ എടുക്കേണ്ടതില്ലെന്ന് സര്‍ക്കുലര്‍ ഇറക്കിയിരുന്നതായി പറയുന്നു. എന്നാൽ പുതിയ സാഹചര്യത്തില്‍ റജിസ്ട്രേഷന്റ ആവശ്യകത ആദ്യം വിദ്യാഭ്യാസ വകുപ്പിനെ ബോധ്യപ്പെടുത്താനാണു തീരുമാനം. റജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതോടെ പാചകപ്പുരയില്‍ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുമെന്നാണു ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ പ്രതീക്ഷ. ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സ്കൂളുകളില്‍ പരിശോധന തുടരുകയാണ്.