എന്താണ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കാത്തത്? ആ ചോദ്യത്തിന് ഇപ്പോള്‍ മറുപടിയായെന്ന് മഞ്ജുവാര്യര്‍

ലോക്ക് ഡൗണിന് ശേഷം സിനിമയില്‍ സജീവമായിരിക്കുകയാണ് നടി മഞ്ജുവാര്യര്‍. മ്മൂട്ടി ചിത്രമായ ദി പ്രീസ്റ്റില്‍ ശ്രദ്ധേയ വേഷത്തിലാണ് മഞ്ജു എത്തുന്നത്. മെഗാസ്റ്റാറിനൊപ്പമുള്ള മഞ്ജുവാര്യരുടെ ആദ്യത്തെ ചിത്രമാണിത്. ഇപ്പോഴിത പ്രീസ്റ്റിന്റെ ഭാഗമായതിനെ കുറിച്ച് മനസ് തുറക്കുകയാണ് മഞ്ജു വാര്യര്‍. സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റിലായിരുന്നു മഞ്ജു മെഗാസ്റ്റാറിനോടൊപ്പമുളള തന്റെ ആദ്യത്തെ ചിത്രത്തിനെ കുറിച്ച് വാചാലയായത്.

മമ്മൂട്ടിക്കൊപ്പം അഭിനയിക്കുക എന്ന ആഗ്രഹമാണ് ഇപ്പോള്‍ ദി പ്രിസ്റ്റിലൂടെ നടന്നിരിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയാണെന്ന് കേട്ടപ്പോള്‍ തന്നെ പിന്നെ ഒന്നും നോക്കിയില്ലെന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്.. ഇതിന് മുമ്പും ഒരുപാട് സിനിമകളില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. അതിന്റെ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തിരുന്നു. പിന്നെ എന്തുകൊണ്ടോ ആ ചിത്രങ്ങള്‍ നടന്നില്ലെന്നു മഞ്ജു വാര്യര്‍ പറയുന്നു

‘ഞാന്‍ അഭിനയം തുടങ്ങിയ കാലം മുതലെ കേള്‍ക്കുന്ന ചോദ്യമാണ് എന്താണ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കാത്തത് എന്ന്. ആ ഭാഗ്യത്തിനായി കാത്തിരിക്കുകയാണ് എന്നാണ് ഞാന്‍ മറുപടി പറയാറുള്ളത്. 2019ല്‍ ബി ഉണ്ണികൃഷ്ണനാണ് ഈ സിനിമയെ കുറിച്ച് എന്നോട് പറയുന്നത്. മമ്മൂക്കയാണ് അഭിനയിക്കുന്നത് എന്ന കേട്ടപ്പോ തന്നെ ഞാന്‍ വേറെ ഒന്നും ആലോചിച്ചില്ല. അപ്പോ തന്നെ ഞാന്‍ ഉണ്ടെന്ന് പറഞ്ഞു. പിന്നീട് ആണ് കഥയും ജൊഫിന്‍ എന്ന സംവിധായകനെ കുറിച്ചുമൊക്കെ കേള്‍ക്കുന്നത്. മമ്മൂക്കയോട് ഒപ്പം അഭിനയിക്കാന്‍ സാധിച്ചതിന് ഒപ്പം വളരെ പ്രതീക്ഷയുള്ള സിനിമകൂടി ആയതില്‍ എനിക്ക് കിട്ടിയ ഭാഗ്യത്തിന്റെ സന്തോഷം ഇരട്ടിയായെന്നും മഞ്ജു പറഞ്ഞു.

ചിത്രത്തില്‍ ഡിക്റ്ററ്റീവായിട്ടാണ് മമ്മൂട്ടി എത്തുന്നത്. വൈദികന്‍ കൂടിയായ ഫാദര്‍ ബെനഡിക്റ്റ് അന്വേഷിക്കുന്ന ആത്മഹത്യ കേസുകളും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. മമ്മൂട്ടിക്കും മഞ്ജുവിനുമൊപ്പം വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. രാഹുല്‍ രാജാണ് സംഗീത സംവിധാനം. ആന്റോ ജോസഫ് കമ്പനിയും, ജോസഫ് ഫിലീം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.