മഞ്ജുവിന്റെ അമ്മ ഗിരിജയ്ക്ക് ഇത് സ്വപ്‌ന സാക്ഷാത്കാരം, സാക്ഷിയായി മക്കളും

സ്വപ്‌നങ്ങള്‍ക്ക് മുന്നില്‍ പ്രായം ഒരു പ്രശ്‌നമേ അല്ല. പലരും പലവട്ടം ഇത് തെളിയിച്ചിട്ടുമുണ്ട്. ഇക്കൂട്ടത്തിലാണ് നടി മഞ്ജു വാര്യരുടെ അമ്മ ഗിരിജ മാധവനും. തന്റെ കുട്ടിക്കാലം മുതലുള്ള സ്വപ്‌നമായ കഥകളിയില്‍ ഒടുവില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഗിരിജ. അമ്മയും സ്വപ്‌നം പൂവണിയുമ്പോള്‍ സാക്ഷിയായി മകള്‍ മഞ്ജു വാര്യരും ഉണ്ടായിരുന്നു. പെരുവനം ക്ഷേത്രത്തില്‍ ഇന്നലെയായിരുന്നു ഗിരിജയുടെ അരങ്ങേറ്റം. കലാനിലയം ഗോപി ആശാന്റെ കഥകളി പദങ്ങള്‍ക്ക് ഗിരിജ ചുവടുവച്ചപ്പോള്‍ ലയിച്ചിരുന്ന് കണ്ട് മഞ്ജു.

ഗിരിജ അവതരിപ്പിച്ചത് കല്യാണ സൗഗന്ധികത്തിലെ പാഞ്ചാലിയെയാണ്. ഏറെ നാളായുള്ള ആഗ്രഹമായിരുന്നു കഥകളി പഠനമെന്ന് ഗിരിജ പറഞ്ഞു. മഞ്ജു വാര്യരും മധു വാര്യരും കഥകളി പഠനത്തെ പ്രോത്സാഹിപ്പിച്ചു എന്നും പ്രായം കാര്യമാക്കേണ്ടതില്ലെന്നും അവര്‍ പറഞ്ഞു.. വര്‍ഷങ്ങളായി യോഗ അഭ്യസിക്കുന്നതിനാല്‍ പഠനം ബുദ്ധിമുട്ടായില്ലെന്നും ഗിരിജ പറഞ്ഞു.

അണിയറയിലും അമ്മയ്ക്ക് കരുത്തു പകര്‍ന്ന് മഞ്ജു വാര്യര്‍ ഒപ്പമുണ്ടായിരുന്നു. എറണാകുളത്ത് നിന്ന് പെരുവനം ക്ഷേത്രത്തില്‍ എത്തിയ അമ്മയെ ചമയങ്ങള്‍ അണിയിക്കുമ്പോഴും കൂടെ നിന്നു. അമ്മയുടെ നേട്ടത്തില്‍ ഏറെ അഭിമാനമെന്ന് മഞ്ജു പറഞ്ഞു. കുട്ടിക്കാലം മുതല്‍ മഞ്ജു വാര്യര്‍ക്ക് പ്രചോദനമായിരുന്ന അമ്മ ഗിരിജ രണ്ട് വര്‍ഷം മുന്‍പാണ് കഥകളി അഭ്യസിക്കാന്‍ തുടങ്ങിയത്.. കഥകളിക്ക് ഒപ്പം മോഹിനിയാട്ടവും പരിശീലിക്കുന്നുണ്ട്.