സൗന്ദര്യവും കഴിവുമുണ്ടായിരുന്ന ചിത്രയുടെ വാക്കുകള്‍ സങ്കടകരവും ചിന്തനീയവുമാണ്, മഞ്ജുവാണി പറയുന്നു

നടി ചിത്രയുടെ മരണം വളരെ അപ്രതീക്ഷിതമായിരുന്നു. ചെന്നൈയിലെ വസതിയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് ആയിരുന്നു അന്ത്യം. പല ഭാഷകളില്‍ നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച ചിത്ര മലയാളികള്‍ക്കും പ്രിയങ്കരി ആയിരുന്നു. 2001ല്‍ പുറത്തെത്തിയ സൂത്രധാരന്‍ ആയിരുന്നു ഒടുവിലായി ചിത്ര അഭിനയിച്ച മലയാള ചിത്രം.

ചിത്ര മരിച്ചതിന് പിന്നാലെ നടിയുടെ പല പഴയ അഭിമുഖങ്ങളും സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചു. പല അഭിമുഖങ്ങളിലും മലയാളത്തോടുള്ള തന്റെ ഇഷ്ടം അവര്‍ തുറന്ന് പറഞ്ഞിരുന്നു. സിനിമയില്‍ ടൈപ്പ് കാസ്റ്റ് ചെയ്യുന്നതിനെ കുറിച്ചും ചിത്രം പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇക്കാലത്തും പലരുടെയും അവസ്ഥ ഇത് തിന്നെയാണെന്ന് പറയുകയാണ് നടിയും അഭിഭാഷകയുമായ മഞ്ജു വാണി. ഫേസ്ബുക്കിലൂടെയാണ് മഞ്ജുവാണിയുടെ പ്രതികരണം.

മഞ്ജുവാണിയുടെ കുറിപ്പ്, സൗന്ദര്യവും കഴിവുമുണ്ടായിരുന്ന ചിത്രയുടെ വാക്കുകള്‍ സങ്കടകരവും ചിന്തനീയവുമാണ്. ഒരു ക്യാരക്റ്റര്‍ അഭിനയിച്ച് ഫലിപ്പിച്ചാല്‍ പിന്നീട് തേടി വരുന്ന അവസരങ്ങളെല്ലാം ആ ക്യാരക്റ്റര്‍ പോലെയോ അല്ലെങ്കില്‍ അതിന്റെ ചുവട് പിടിച്ചുള്ളതോ ആയിരിക്കും. മറിച്ച് ചിന്തിക്കുന്ന സംവിധായകര്‍ വളരെ ചുരുക്കം പേര്‍ മാത്രം. എന്ത് കൊണ്ടങ്ങനെ ?

ആക്ഷന്‍ ഹീറോ ബിജുവിനു ശേഷം ഞാന്‍ മറ്റ് രണ്ട് സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളു. അവ രണ്ടും ഒന്നിനൊന്ന് വേറിട്ട ക്യാരക്‌റ്റേര്‍സുമായിരുന്നു. എന്നാല്‍ AHBയില്‍ ഞാന്‍ ചെയ്ത ഊഡായിപ്പ് കാമുകി (ഒരുത്തന്റെ ഭാര്യയായും, ഒരുവളുടെ അമ്മയായുമിരിക്കേ, മറ്റൊരുത്തന്റെ കാമുകിയായി ഇരിക്കുന്ന ഒരുവള്‍ ) എന്ന ആ ക്യാരക്റ്റര്‍ പോലത്തെ 55ഓളം സിനിമകളാണ് എനിക്ക് പിന്നീട് വേണ്ട എന്ന് വെക്കേണ്ടി വന്നിട്ടുള്ളത്.

ഗസ്റ്റ് റോള്‍ ആണെങ്കില്‍പ്പോലും ആന അലറോടലറല്‍ എന്ന സിനിമയില്‍ വ്യത്യസ്തമായ ഒരു ക്യാരക്റ്റര്‍ തന്ന ദിലീപ് മേനോന്‍, AHB ഇറങ്ങിയ ഉടനെ നിനക്ക് ഞാനൊരു വ്യത്യസ്തമായ ക്യാരക്റ്ററാണ് തരാനുദ്ദേശിക്കുന്നത് ‘ എന്ന് പറഞ്ഞ് ഒരു കുപ്രസിദ്ധ പയ്യനെന്ന സിനിമയിലെ മാലിനി എന്ന കഥാപാത്രം തന്ന മധുപാല്‍ ചേട്ടനോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. സിനിമാ മേഖലയിലെ വലിയ പല മാറ്റങ്ങളേക്കുറിച്ചും സംസാരിക്കുമ്പോള്‍ ഈയൊരു കാര്യം കൂടി പരിഗണിക്കുകയും, മാറ്റത്തിനു വിധേയമാകേണ്ടതുമാണ്.