രചനയുടെ കാളി ചിത്രങ്ങള്‍ക്ക് കമന്റിട്ട സ്നേഹയ്ക്ക് യുവാവിന്റെ മറുപടി

വിജയദശമി ദിനത്തിലാണ് ഭദ്രകാളി തീമിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നടി രചന നാരായണന്‍കുട്ടി പങ്കുവെച്ചത്. ദേഹം മുഴുവന്‍ നീല നിറം പൂശി, കൈയ്യില്‍ കാല്‍ത്തളയും കഴുത്തില്‍ നാരങ്ങ മാലയും അണിഞ്ഞ് ചുവന്ന വസ്ത്രം ധരിച്ചുള്ള ചിത്രങ്ങള്‍ രചന പങ്കുവെച്ചിരുന്നു. മികച്ച പ്രതികരണമാണ് ചിത്രങ്ങള്‍ക്ക് ലഭിച്ചത്.

നിരവധി താരങ്ങളും ആരാധകരും രചനയുടെ ഫോട്ടോഷൂട്ടിനെ അഭിനന്ദിച്ച് രംഗത്ത് എത്തി. നടി സ്‌നേഹ ശ്രീകുമാറും പ്രതികരണവുമായി എത്തി. ലവ് ഇമോജി ആയിരുന്നു കമന്റായി സ്‌നേഹ പങ്കുവെച്ചത്. രചന പങ്കുവെച്ച എല്ലാ ചിത്രങ്ങള്‍ക്കും സ്‌നേഹ കമന്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഒരു കമന്റിന് സ്‌നേഹയ്ക്ക് ആരാധകന്‍ നല്‍കിയ മറുപടി കമന്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

”ആ ഇവിടെ ലവ് ഇമോജി കമന്റ് ഇട്ടിട്ട്, ആ ലൗഡ്സ്പീക്കറില്‍ ചെന്നിരുന്നു കുറ്റം പറയണം കെട്ടോ” എന്നാണ് സ്നേഹയുടെ കമന്റിന് ആര്‍. മൈക്കല്‍ എന്ന അക്കൗണ്ടില്‍ നിന്നുമെത്തിയ മറുപടി. നിമിഷ നേരം കൊണ്ട് മറുപടി കമന്റ് വൈറലായി മാറി.

നേരത്തെ ശ്രിദ്ധ, എസ്തര്‍ എന്നീ താരങ്ങളുടെ ഫോട്ടോഷൂട്ടിനെ വിമര്‍ശിച്ച ലൗഡ്സ്പീക്കര്‍ പരിപാടി വിവാദത്തിലായിരുന്നു. നടി രശ്മിയും സ്‌നേഹയും സിനിമാലോകത്ത് നടക്കുന്ന വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന പരിപാടിയാണ് ലൗഡ് സ്പീക്കര്‍. താന്‍ വ്യക്തിപരമായി ആരെയും അപമാനിച്ചിട്ടില്ല. ആ പ്രോഗ്രാമില്‍ തങ്ങള്‍ അവതരിപ്പിക്കുന്ന സുശീല, തങ്കു എന്നിവരാണ് അഭിപ്രായങ്ങള്‍ പറഞ്ഞത് എന്നാണ് സ്നേഹ വിശദീകരിച്ചത്.