മീനുവിനെ ഏട്ടന് ധൈര്യമായി ഈ കസേരയെ ഏല്‍പ്പിക്കാം; ഇലക്ട്രിക് വീല്‍ചെയര്‍ സമ്മാനിച്ച് സുമനസുകള്‍

ജന്മനാ അരയ്ക്ക് താഴെ തളര്‍ച്ച. കേള്‍വി ശക്തിയില്ല, ഹൃദയത്തിനും തകരാര്‍. മുതുകില്‍ നീക്കം ചെയ്യാനാകാത്ത മുഴയും. മീനുവിന്റെ ജീവിതം ഇങ്ങനെയാണ്. എന്നാലും ഒരു വിഷമം പോലുമറിയാതെ അവളെ പൊന്നുപോലെ നോക്കുന്ന ഏട്ടനുണ്ട് കൂടെ. ഈ സഹോദരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍

തിരുവനന്തപുരം പുളിയറക്കോണം സ്വദേശികളാണ് മനുവും മീനുവും. ഓട്ടോറിക്ഷ ഡ്രൈവറാണ് മനു. എന്ത് പരിപാടിയുണ്ടെങ്കിലും മീനു ഇല്ലാതെ മനു പോകില്ല. കല്യാണമായാലും മറ്റ് പരിപാടികളായാലും മീനുവിനെ എടുത്തുകൊണ്ടാണ് മനു പോകാറുള്ളത്. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ആരോ പോസ്റ്റ് ചെയ്തിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വൈറലായി മാറുകയും ചെയ്തു

ഇതോടെയാണ് മീനുവിനും മനുവിനും കൈത്താങ്ങായി സുഹൃദ്സംഘമെത്തിയത്.അരയ്ക്കു താഴെ ചലന ശേഷിയില്ലാത്ത മീനുവിന് ഇലക്ട്രിക്കല്‍ വീല്‍ചെയര്‍ നല്‍കിയിരിക്കുകയാണ് കരകൗശല ബോര്‍ഡ് ചെയര്‍മാന്‍ കെഎസ് സുനില്‍കുമാറും സുഹൃത്തുക്കളും. സോഷ്യല്‍മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും മനുവിന്റേയും അനിയത്തി മീനുവിന്റേയും കഥയറിഞ്ഞാണ് സഹായിക്കാന്‍ സുനില്‍കുമാറും സംഘവുമെത്തിയത്. എഴുപതിനായിരം രൂപ വിലവരുന്ന ഇലക്ട്രിക്കല്‍ വീല്‍ ചെയര്‍ ഇതോടെ മീനുവിനായി ഇവര്‍ സമ്മാനിക്കുകയായിരുന്നു.

ആദ്യം ഇലക്ട്രിക് വീല്‍ചെയറില്‍ ഇരുന്നപ്പോള്‍ ആശങ്കയുണ്ടായെങ്കിലും സഹോദരന്‍ കൈയ്യില്‍ മുറുക്കെ പിടിച്ചതോടെ മീനു പതിയെ വീല്‍ചെയറുമായി ചങ്ങാത്തത്തിലാവുകയായിരുന്നു. വീല്‍ചെയറിന്റെ പ്രവര്‍ത്തനമെല്ലാം മീനു പഠിച്ചെടുക്കുകയും ചെയ്തു. സ്വയം കൈകാര്യം ചെയ്യാവുന്നതേയുള്ളൂ മീനുവിന് ഈ വീല്‍ചെയര്‍.

പുതിയ വീല്‍ചെയര്‍ കൂടി എത്തിയതോടെ പഴയ ഒറ്റമുറി വീട്ടില്‍ നിന്നും വീല്‍ ചെയറിന് സ്ഥലപരിമിതി പ്രശ്നമാകാത്ത കുറച്ചുകൂടി സൗകര്യമുള്ള വീട്ടിലേക്ക് മാറിയിരിക്കുകയാണ് ഇരുവരും. ഇവരുടെ അച്ഛന്‍ എട്ട് വര്‍ഷം മുമ്പ് മരിച്ചിരുന്നു. അമ്മ അടുത്ത ക്ഷേത്രത്തിലെ ജീവനക്കാരിയാണ്. കോര്‍പറേഷന്‍ പട്ടം വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ രമ്യ രമേശാണ് മനുവിന് വധുവായി എത്തുന്നത്. ഡിസംബര്‍ 12നാണ് ഇവരുടെ വിവാഹം