മറഡോണയുടെ മരണത്തില്‍ അന്വേഷണം, ഡോക്ടര്‍ക്കെതിരെ കേസ്, വീട്ടിലും ആശുപത്രിയിലും റെയ്‌ഡ്

ബ്യൂണസ് ഐറിസ്: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ഡോക്‌ടറുടെ അനാസ്ഥ മൂലമെന്ന് സംശയം. മറഡോണയുടെ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന മറഡോണയുടെ അഭിഭാഷകൻ മത്തിയാസ് മൊയ്റ നൽകിയ പരാതിയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. പരാതിയെ തുടർന്ന് ഡോക്‌ടര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചുവെന്നാണ് രാജ്യന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഡോക്‌ടറുടെ ആശുപത്രിയിലും വീട്ടിലും പൊലീസ് റെയ്‌ഡ് നടന്നതായാണ് അര്‍ജന്‍റൈന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.ചികില്‍സാപ്പിഴവുണ്ടായെന്ന് മറഡോണയുടെ മക്കല്‍ നേരത്തെ ആരോപിച്ചിരുന്നു. ഡോക്‌ടര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തതായും അര്‍ജന്‍റൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി. മറഡോണയെ ആശുപത്രിയിലേക്ക് മാറ്റുന്നത് മനപൂര്‍വം വൈകിച്ചെന്ന് ആരോപണം.

ഹൃദയാഘാതത്തെ തുടര്‍ന്ന് നവംബർ 25നാണ് 60 വയസുകാരനായ മറഡോണ അന്തരിച്ചത്. രണ്ടാഴ്ച്ചയ്ക്ക് മുമ്പ് അദ്ദേഹം തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. ഇതിഹാസ താരം സുഖം പ്രാപിച്ചുവരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഫുട്ബോള്‍ ലോകത്തെ കണ്ണീരിലാഴ്‌ത്തി മരണ വാര്‍ത്ത അപ്രതീക്ഷിതമായി പുറത്തുവന്നത്.